10 August, 2023 10:50:53 PM


അമ്പലപ്പുഴ പാല്‍പായസം കരിഞ്ചന്തയില്‍: ക്ഷേത്രത്തില്‍ വിജിലന്‍സ് റെയ്ഡ്



ആലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ പായസ വിൽപ്പന കൗണ്ടറിൽ വിജിലൻസ് റെയ്ഡ്. ദേവസ്വം ബോർഡ് അനുവദിച്ചിരിക്കുന്ന അളവിൽ കൂടുതൽ പായസം തയ്യാറാക്കി ക്ഷേത്രത്തിലെ വഴിപാട് പായസ കൗണ്ടർ വഴി ദേവസ്വം അസിസ്റ്റന്‍റ് കമ്മീഷ്ണറുടെ ഒത്താശയിൽ രസീത് ഇല്ലാതെ കൂടിയ വിലക്ക്  വിൽപ്പന നടത്തുന്നു എന്ന ആക്ഷേപത്തെ തുടർന്നാണ് ഇന്ന് പരിശോധന നടന്നത്.

റേഞ്ച് ഡിവൈഎസ്പി മനോജ് കുമാർ പി.വി. യുടെ നേതൃത്വത്തിൽ കോട്ടയത്ത് നിന്നുളള വിജിലൻസ് സംഘമാണ് പരിശോധന നടത്തിയത്. ഓൺലൈൻ മുഖാന്തിരം അപേക്ഷിക്കുന്നവർക്ക് ആകെ വിൽപ്പന നടത്താവുന്ന പ്രസാദത്തിന്‍റെ അളവ് 246 ലിറ്ററാണ്. ഇതിനായുള്ള 160 രൂപയുടെ പാസ് ഷിജു, സുന്ദരേശൻ എന്നീ ഏജന്‍റുമാർ പല ആളുകളുടെ പേരിൽ കൂടിയ എണ്ണം ബുക്ക് ചെയ്ത ശേഷം വിൽപ്പന കൗണ്ടറിൽ നിന്നും നേരിട്ട് കൈപ്പറ്റി കൂടിയ വിലയ്ക്ക് അഡ്മിനിസ്ട്രേറ്റീവ് ഓഫീസിന് മുൻവശം വച്ച് തന്നെ പ്രസാദം വാങ്ങുന്നതിനായി നേരിട്ട് എത്തുന്ന ആളുകൾക്ക് വിൽപന നടത്തുന്നു.

ഇത്തരത്തിൽ ദിനം പ്രതി  കരിഞ്ചന്തയിൽ പ്രസാദം വിൽപന നടത്തുന്ന ഏജന്റ്മാരുടെ  പ്രവൃത്തി തടയുന്നതിന് ദേവസ്വം അസ്സി. കമ്മീഷണർ, കൗണ്ടർ ജീവനക്കാർ എന്നിവർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. ഏജന്‍റുമാർക്ക്  അനുകൂല മനോഭാവം സ്വീകരിക്കുന്നത് അളവിൽ കൂടുതലും, കൂടിയ വിലയ്ക്കും വിൽപന നടത്തുന്നത് ഏജന്‍റുമാരിൽ നിന്നും പണം കൈപ്പറ്റിയാണെന്ന് അനുമാനിക്കാവുന്നതാണെന്ന് പരിശോധന നടത്തിയ ഉദ്യോഗസ്ഥര്‍ പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K