22 August, 2023 01:14:22 PM


സുര്‍ജിത് ഭവനില്‍ പാര്‍ട്ടി ക്ലാസും നടത്താനാവില്ലെന്ന് ഡല്‍ഹി പൊലീസ്



ന്യൂഡല്‍ഹി: സിപിഐഎമ്മിന്‍റെ ഡല്‍ഹിയിലെ സുർജിത്ത് ഭവനിൽ പാർട്ടി ക്ലാസ് നടത്തുന്നതും ഡല്‍ഹി പൊലീസ് വിലക്കി. കഴിഞ്ഞ ദിവസം ജി20ക്ക് ബദലായ വി20 പരിപാടി വിലക്കിയതിന് പിന്നാലെയാണ് സുർജിത്ത് ഭവനിലെ പാർട്ടി ക്ലാസ് നടത്തിപ്പും വിലക്കിയത്. 

പരിപാടികൾ നടത്തുന്നതിന് പൊലീസ് അനുമതി തേടണമെന്ന ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് നടപടി. ഇന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നേതൃത്വത്തിൽ പാർട്ടി ക്ലാസ് നടത്താൻ നേരത്തെ നിശ്ചയിച്ചിരുന്നതാണ്. ഇതാണ് ഡല്‍ഹി പൊലീസ് ഇപ്പോൾ വിലക്കിയിരിക്കുന്നത്.

സ്വകാര്യ സ്ഥലത്ത് യോഗം നടത്താൻ പോലീസ് അനുമതി വേണമെന്ന പോലീസ് നിലപാടിനെ ശക്തമായി അപലപിക്കുന്നുവെന്ന് സീതാറാം യെച്ചൂരി പ്രതികരിച്ചു. ഡല്‍ഹിയിലെ സുർജിത്ത് ഭവൻ സിപിഐഎമ്മിന്‍റെ കേന്ദ്ര കമ്മിറ്റി യോഗം അടക്കം നടക്കുന്ന സ്ഥലമാണ്. ഇത് സ്വകാര്യ സ്ഥലമാണെന്നും ഇവിടെ പരിപാടി നടത്തുന്നതിൽ പൊലീസിന് ഒരു കാര്യവുമില്ലെന്നും സീതാറാം യെച്ചൂരി പ്രതികരിച്ചു.

രാവിലെ ഡല്‍ഹി പൊലീസ് ഉദ്യോഗസ്ഥർ നേരിട്ടെത്തിയാണ് പരിപാടി നടത്തരുതെന്ന് പാർട്ടി നേതാക്കളോട് ആവശ്യപ്പെട്ടത്. ജി20 യോഗം നടക്കുന്നതിനാൽ പരിപാടി നടത്തരുതെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സിപിഎം പിബി അംഗം എം എ ബേബി, എം സ്വരാജ് അടക്കമുള്ളവരും ഇന്നത്തെ പാർട്ടി ക്ലാസിൽ പങ്കെടുക്കാൻ ഡല്‍ഹിയിൽ എത്തിയിരുന്നു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K