24 August, 2023 03:40:54 PM


ട്രെയിനില്‍ അച്ഛനോടൊപ്പം യാത്ര ചെയ്ത വിദ്യാര്‍ത്ഥി മരിച്ച നിലയില്‍



മാവേലിക്കര: ബംഗ്ലൂരുവിലേക്കുള്ള ട്രെയിനില്‍ അച്ഛനോടൊപ്പം യാത്ര ചെയ്ത വിദ്യാര്‍ത്ഥി മരിച്ച നിലയില്‍ കണ്ടെത്തി. മാവേലിക്കര അറനൂറ്റിമംഗലം പുതിയ വീട്ടില്‍ ശ്രീഹരിയുടെയും ദീപയുടെയും മകന്‍ ധ്രുവന്‍ ശ്രീഹരി(21) ആണ് മരിച്ചത്. ബംഗളൂരുവിലേക്കുള്ള സ്‌പെഷ്യല്‍ ട്രെയിനില്‍ യാത്രചെയ്യവേ ഈറോഡിനടുത്തുവെച്ച് ഇന്നലെ പുലര്‍ച്ചെയാണ് സംഭവം നടന്നത്.

അച്ഛന്‍ ശ്രീഹരിക്കൊപ്പം ഒരാഴ്ച മുന്‍പ് നാട്ടിലെത്തിയ ധ്രുവന്‍, ചൊവ്വാഴ്ച രാത്രിയിലാണ് കായംകുളത്തുനിന്ന് അച്ഛനോടൊപ്പം തന്നെ ബംഗ്ലൂരുവിലേക്കു യാത്രതിരിച്ചത്. താഴത്തെ ബര്‍ത്തില്‍ ഉറങ്ങാന്‍കിടന്ന ധ്രുവനെ പുലര്‍ച്ചെ അച്ഛന്‍ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ടിടിഇയെ അറിയിച്ചതിനെത്തുടര്‍ന്ന് ട്രെയിന്‍ ഈറോഡിനടുത്തുള്ള ശങ്കരിദുര്‍ഗ് സ്റ്റേഷനില്‍ നിര്‍ത്തി. അവിടത്തെ സ്റ്റേഷന്‍ മാസ്റ്റര്‍ ഡോക്ടറെ വരുത്തി പരിശോധിച്ചപ്പോഴാണ് മരണം സ്ഥിരീകരിച്ചത്.

ഹൃദയാഘാതമാണ് മരണകാരണമെന്നാണു സൂചന. ബിരുദപഠനം കഴിഞ്ഞ ധ്രുവന്‍ ബംഗ്ലൂരുവില്‍ ഉപരിപഠനം നടത്തിവരികയായികരുന്നു. ശ്രീഹരിക്ക് ബംഗ്ലൂരുവില്‍ ബിസിനസാണ്. അമ്മ ദീപ അവിടെത്തന്നെ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപികയാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K