12 September, 2023 03:33:53 PM


പാർലമെന്‍റ് ജീവനക്കാരുടെ യൂണിഫോമിൽ താമര



ന്യൂഡൽഹി: രാജ്യത്ത് പുതിയ രാഷ്‌ട്രീയ വിവാദത്തിനു വഴിതെളിച്ചുകൊണ്ട് പാർലമെന്‍റ് ജീവനക്കാരുടെ പുതിയ യൂണിഫോം ഡിസൈൻ. ലെജിസ്ലേറ്റീവ് ഡ്യൂട്ടിയിലുള്ള ജീവനക്കാർക്ക് ക്രീം നിറത്തിലുള്ള ഷർട്ടിൽ പിങ്ക് നിറത്തിലുള്ള താമരയുടെ ആകൃതയിലുള്ള ഡിസൈനാണ് നൽകിയിരിക്കുന്നത്. ഇതിനൊപ്പം കാക്കി പാന്‍റ്സും ക്രീം കളർ ജാക്കറ്റും. 

ഇന്ത്യയുടെ ദേശീയപുഷ്പം എന്ന നിലയിലാണ് ഡിസൈൻ എങ്കിലും ബിജെപിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമാണ് താമര എന്നത് പ്രതിപക്ഷത്തെ അസ്വസ്ഥമാക്കും. പാർലമെന്‍റിന്‍റെ പ്രത്യേക സമ്മേളനം സെപ്റ്റംബർ 18ന് പുതിയ മന്ദിരത്തിൽ ചേരുമ്പോൾ ഈ യൂണിഫോമിലായിരിക്കും ജീവനക്കാർ. സ്ത്രീകൾക്ക് സമാനമായ സാരിയും നൽകും.

ലോക്‌സഭയിലെയും രാജ്യസഭയിലെയും ആകെയുള്ള 271 ജീവനക്കാർക്ക് ഒരേ തരത്തിലുള്ള യൂണിഫോം തന്നെയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. മുൻപ് സഫാരി സ്യൂട്ടായിരുന്നു ഇവരുടെ വേഷം.

സുരക്ഷാ ചുമതലയിലുള്ള ജീവനക്കാർക്ക് സൈന്യത്തിന്‍റേതിനു സമാനമായ കാമഫ്ലാജ് യൂണിഫോമായിരിക്കും. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയാണ് രണ്ട് യൂണിഫോമുകളും ഡിസൈൻ ചെയ്തിരിക്കുന്നത്. ഇന്ത്യയുടെ പരമ്പരാഗത ശൈലിയിലുള്ള ഡിസൈൻ എന്നാണ് അവകാശവാദം.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K