15 September, 2023 08:13:21 PM


റെജിയുടെ ഇടപെടലില്‍ നഷ്ടപ്പെട്ട ഫോൺ കണ്ടെത്തി; ബിസ്മിയ്‌ക്ക് തിരികെ ലഭിച്ചത് ജീവിതം



കോട്ടയം: ചൊവ്വാഴ്ച ഉച്ചയ്ക്ക് എറണാകുളം ടൗണിൽ നിന്ന് തിരുവനന്തപുരത്തേയ്ക്ക് ശബരി എക്സ്പ്രസ്സിൽ യാത്ര ചെയ്യുകയായിരുന്ന പൂന്തുറ സ്വദേശിനിയായ ബിസ്മിയുടെ മൊബൈൽ ഫോൺ ബാഗിൽ നിന്ന് തെറിച്ച് എറണാകുളം ടൗണിനും തൃപ്പൂണിത്തുറയ്ക്കും ഇടയിൽ ട്രാക്കിലേയ്ക്ക് വീഴുകയായിരുന്നു. മൊബൈൽ ബാഗിൽ നിന്ന് തെന്നി വീഴുന്നത് കണ്ട യാത്രക്കാരിലൂടെയാണ് ബിസ്മി വിവരം അറിയുന്നത്.

ജോലി സംബന്ധമായി വിദേശത്തേയ്‌ക്ക് പോകാൻ പേപ്പർ ജോലികൾ പൂർത്തീകരിക്കുന്നതിന് എറണാകുളത്തെ എത്തിയതായിരുന്നു ബിസ്മിയും കുടുംബവും. യാത്രയുമായി ബന്ധപ്പെട്ട പല രേഖകളും ഫോണിലാണ് സൂക്ഷിച്ചിരുന്നത്. അടുത്തയാഴ്ച വിദേശത്തേയ്ക്ക് പോകാനുള്ള തയ്യാറെടുപ്പുകളെല്ലാം പൂർത്തിയായപ്പോളാണ് ഫോൺ നഷ്ടപ്പെടുന്നത്. പരാതിയുമായി കോട്ടയം റെയിൽവേ പോലീസ് സ്റ്റേഷനെ സമീപിച്ചതിനെ തുടർന്നാണ് സ്റ്റേഷൻ ഹൗസ് ഓഫീസർ റെജി പി ജോസഫ് ഉടനെ കോട്ടയം റെയിൽവേ സ്റ്റേഷൻ മാനേജർ മുഖേന എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ വിവരം നൽകി.

റെയിൽവേയിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭിക്കാതെ വന്നപ്പോൾ റെജി പി ജോസഫ്  സൈബർ സെല്ലുമായി നേരിട്ട് ബന്ധപ്പെട്ട് ഫോണിന്റെ യഥാർത്ഥ ലൊക്കേഷൻ കണ്ടെത്തി. മഴ പെയ്യുന്നതിനാൽ അതിവേഗം പ്രവർത്തിക്കേണ്ട സാഹചര്യത്തിൽ ടൗൺ സ്റ്റേഷനിലെ ആർ പി എഫ് ഉദ്യോഗസ്ഥരാണ് റോഡ് മാർഗ്ഗം ട്രാക്കിലെത്തി ഫോൺ കണ്ടെത്തിയത്.

എറണാകുളം ടൗണിൽ നിന്ന് ഫോൺ കോട്ടയം സ്റ്റേഷനിൽ എത്തിച്ച് പരാതിക്കാരിയ്ക്ക് റെയിൽവേ പോലീസ് സ്റ്റേഷൻ അധികൃതർ ഫോൺ നൽകി. നഷ്ടപ്പെട്ടുപോയ ജീവിതം തിരികെ നൽകിയ സ്റ്റേഷൻ അധികൃതർക്ക് വികാര നിർഭരമായ നന്ദി പറഞ്ഞാണ് ബിസ്മിയും കുടുംബവും മടങ്ങിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K