19 September, 2023 12:21:13 PM


എഞ്ചിനീയര്‍ ഒപ്പിടാതെ കരാറുകള്‍; ധനസഹായം അര്‍ഹരായവര്‍ക്ക് നല്‍കാതെ വെട്ടിച്ചു


Updated 7.10 pm.


കോട്ടയം: ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത് ഓഫീസുകളില്‍ വിജിലന്‍സിന്‍റെ മിന്നല്‍ പരിശോധന. സംസ്ഥാനവ്യാപകമായുള്ള പരിശോധനയുടെ ഭാഗമായി കോട്ടയം ജില്ലയില്‍ കാഞ്ഞിരപ്പള്ളി, ഏറ്റുമാനൂര്‍, വൈക്കം, പള്ളം, ഈരാറ്റുപേട്ട ബ്ലോക്ക് ഓഫീസുകളില്‍ ഇന്ന് രാവിലെ 11ന് ആരംഭിച്ച റെയ്ഡില്‍ കണ്ടെത്തിയത് വന്‍ തിരിമറികള്‍. പട്ടികജാതി - പട്ടികവര്‍ഗവിഭാഗക്കാര്‍ക്ക് വിവിധ സ്കീമുകളിലായി അനുവദിക്കുന്ന ഫണ്ടുകളില്‍ വന്‍ ക്രമക്കേട് ആരോപിക്കപ്പെട്ടതിനെതുടര്‍ന്നായിരുന്നു ഓപ്പറേഷന്‍ പ്രൊട്ടക്ടര്‍ എന്ന പേരിലുള്ള പരിശോധന. 


കോട്ടയം ജില്ലയില്‍ ഈരാറ്റുപേട്ട ബ്ലോക്കിലാണ് ഏറെയും ക്രമക്കേടുകള്‍ കണ്ടെത്തിയത്. പട്ടികജാതി വിദ്യാര്‍ഥികള്‍ക്കായുള്ള പഠനമുറിനിര്‍മ്മാണത്തിന് 2019-2020 വര്‍ഷത്തില്‍ അനുവദിച്ച 3,72,000 രൂപ യഥാസമയം വിനിയോഗിക്കാത്തതിനാല്‍ ലാപ്സായി പോയി. 2022-23 ല്‍ 28,75,000 അടങ്കല്‍തുകയുണ്ടായിരുന്ന പദ്ധതിയില്‍ തലപ്പലം, പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തുകളിലെ ഒട്ടേറെ പേര്‍ക്ക് മുന്‍ഗണന മറികടന്ന് തുക വിതരണം ചെയ്തു. 2019-20, 21-22 വര്‍ഷങ്ങളില്‍ വിവിധ പദ്ധതികള്‍ക്കുള്ള രജിസ്റ്റര്‍ സൂക്ഷിച്ചിട്ടില്ല. ആയതിനാല്‍ തുക എപ്രകാരം മാറിയെന്നോ ഏത് അക്കൌണ്ടിലേക്കാണ് പോയതെന്നോ വ്യക്തമാകുന്നില്ല.


എഞ്ചിനീയറിംഗ് വിഭാഗത്തിലെ അഞ്ച് പ്രവൃത്തികളില്‍ വ്യാപകമായ ക്രമക്കേട് കണ്ടെത്തി. കരാറില്‍ അസിസ്റ്റന്‍റ് എഞ്ചിനീയറോ സാക്ഷികളോ ഒപ്പിട്ടിട്ടില്ല. ഇവയില്‍ മൂന്നും ഒരേ കരാറുകാരന്‍ തന്നെ എസ്റ്റിമേറ്റ് തുകയില്‍ വളരെ കുറച്ച് കരാറെടുത്ത് പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചതാണ്. അതുകൊണ്ടുതന്നെ ഇവയുടെ ഗുണനിലവാരം പരിശോധിക്കേണ്ടതുണ്ടെന്ന് അന്വേഷണസംഘം വിലയിരുത്തി.


വൈക്കം ബ്ലോക്ക് ഓഫീസിനു കീഴിലെ പട്ടികജാതി വികസന ഓഫീസില്‍ നടത്തിയ പരിശോധനയില്‍ പഠനമുറിക്ക് അപേക്ഷ നല്‍കിയ വ്യക്തിക്ക് മൂന്നാം ഗഡുവായ 75000 രൂപ കഴിഞ്ഞ മാര്‍ച്ച് 15ന് ബാങ്ക് അക്കൌണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു നല്‍കി എന്ന് രേഖപ്പെടുത്തികൊണ്ടുള്ള വന്‍ തിരിമറിയാണ് കണ്ടെത്തിയത്. യഥാര്‍ഥത്തില്‍ ഈ തുക ഉപഭോക്താവിന്‍റെ അക്കൌണ്ടില്‍ ഇതുവരെ എത്തിയിട്ടില്ല. ഒരു ലക്ഷം രൂപയില്‍ താഴെ വരമാനപരിധി ഉള്ളവര്‍ക്കുമാത്രം നല്‍കേണ്ട പഠനമുറി ആനുകൂല്യം നല്‍കിയിരിക്കുന്നതാകട്ടെ ഒരു ലക്ഷം രൂപയിലധികം വാര്‍ഷികവരുമാനമുള്ളവര്‍ക്കും.


കാഞ്ഞിരപ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി ഹാളിന്‍റെ വാടകപിരിവിലാണ് വന്‍ അഴിമതി കണ്ടെത്തിയത്. 2000 രൂപ വാടകയും 500 രൂപ ക്ലീനിംഗ് ചാര്‍ജും വാങ്ങാറുണ്ടെങ്കിലും വാടക വാങ്ങുന്നതു സംബന്ധിച്ച ഉത്തരവോ ഇങ്ങനെ ലഭിച്ചിട്ടുള്ള പണം എത്രയെന്നും  ഏതു വിധത്തില്‍ വിനിയോഗിച്ചു എന്നുമുള്ള രോഖകളോ ഇല്ല.  ഭൂരഹിതര്‍ക്ക് ഭൂമി വാങ്ങിക്കുന്നതുമായി ബന്ധപ്പെട്ട പദ്ധതിപ്രകാരം 50ല്‍പരം ആധാരങ്ങള്‍ ഈ ഓഫീസില്‍ നിന്നും കണ്ടെത്തി. 


പള്ളം ബ്ലോക്കില്‍ 2017 -18 വര്‍ഷത്തില്‍ ചോഴിയക്കാട് സ്വദേശിക്ക് പഠനമുറി നിര്‍മ്മിക്കുന്നതിന് ആദ്യഗഡുവായി 30000 രൂപ നല്‍കിയിരുന്നു. പഠനമുറി നിര്‍മ്മിച്ചില്ല എന്ന കാരണത്താല്‍ ബാക്കി തുകയായ 1,70,000 രൂപ നല്‍കിയിട്ടില്ല എന്ന് മാത്രമല്ല കൊടുത്ത തുക തിരികെ പിടിച്ചിട്ടുമില്ല. ഇതുപോലെതന്നെ 2019-20 വര്‍ഷത്തില്‍ പുതുപ്പള്ളി സ്വദേശി പഠനമുറിക്ക് രണ്ടു ഗഡുക്കളായി 90,000 രൂപ വാങ്ങിയെങ്കിലും നിര്‍മ്മാണം പൂര്‍ത്തീകരിക്കാതിരുന്നതിനാല്‍ ബാക്കി തുകയായ 1,10,000 രൂപ നല്‍കിയില്ല. കൊടുത്ത തുക തിരികെ പിടിക്കാനോ നിര്‍മ്മാണം പൂര്‍ത്തീകരിക്കാനോ നടപടികള്‍ ഇതുവരെ സ്വീകരിച്ചിട്ടില്ലെന്നും കണ്ടെത്തി.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K