22 September, 2023 09:24:16 AM


മന്ത്രിയുടെ പ്രഖ്യാപനത്തില്‍ പ്രതീക്ഷ അർപ്പിച്ച് ഏറ്റുമാനൂർ നിവാസികള്‍



ഏറ്റുമാനൂർ: ഏറ്റുമാനൂർ എംഎല്‍എ കൂടിയായ മന്ത്രി വി.എന്‍. വാസവന്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച "വൃത്തി 2032" പദ്ധതിയില്‍ പ്രതീക്ഷ അര്‍പ്പിച്ച് ഏറ്റുമാനൂർ നിവാസികള്‍. ഏറ്റുമാനൂർ വൃത്തിയായാൽ കോട്ടയത്തുകാർക്ക് നല്ല വെള്ളം കുടിക്കാമെന്നാണ് പ്രധാനമായും ചൂണ്ടികാണിക്കപ്പെടുന്നത്. മീനച്ചിലാറ്റിൽ നിന്നാണ് കോട്ടയം പട്ടണത്തിലും സമീപ പ്രദേശങ്ങളിലും കുടിവെള്ളം ശേഖരിക്കുന്നത്. 

ഏറ്റുമാനൂരിലെ മത്സ്യ-മാംസ മാർക്കറ്റുകളിലെയും കോഴിക്കടകളിലെയും  ഹോട്ടലുകളിലെയും മുഴുവൻ മാലിന്യങ്ങളും ബാർബർ ഷോപ്പുകാർ ചാക്കിൽകെട്ടി നിക്ഷേപിക്കുന്ന മുടിയും ഉൾപ്പെടെ മാടപ്പാട് ചെറുവാണ്ടൂർ ചാൽ വഴി ഒഴുകി എത്തിച്ചേരുന്നത് മീനച്ചിലാറ്റിലാണ്. ഈ മാലിന്യം വന്നുചേരുന്ന സ്ഥലത്ത് നിന്ന് സുമാർ ഒരു കിലോമീറ്റർ ദൂരത്താണ് കോട്ടയത്തേക്കും മെഡിക്കൽ കോളേജിലേക്കും വെള്ളം പമ്പ് ചെയ്യാനുള്ള വാട്ടർടാങ്ക് സ്ഥിതി ചെയ്യുന്നത്.  താരതമ്യേന ആഴം കൂടുതലുള്ള സ്ഥലമായതു കൊണ്ട് ഈ മാലിന്യങ്ങൾ ഇവിടെ അടിയാനാണ് സാധ്യത കൂടുതൽ.

ചുരുക്കിപറഞ്ഞാൽ ജില്ലാ കളക്ടർ ഉൾപ്പെടെ കുടിക്കുന്നത് നല്ല വെള്ളമല്ല എന്നർത്ഥം. നാട്ടുകാരുടെ പ്രയത്നത്താൽ കഴിഞ്ഞ വർഷം ചെറുവാണ്ടൂർ ചാൽ ഒരുവിധം വൃത്തിയാക്കിയിരുന്നു. ഇക്കാര്യത്തിൽ നഗരസഭക്കോ ബന്ധപ്പെട്ട കൗൺസിലർമാർക്കോ യാതൊരു താല്പര്യവും ഇല്ലാ എന്നുള്ളതാണ് നാട്ടുകാരുടെ പ്രധാന പരാതി. പ്രഖ്യാപിച്ച ധനസഹായം കിട്ടുന്നതിന് വർഷങ്ങൾ കയറിയിറങ്ങി ചെരുപ്പ് തേഞ്ഞ അനുഭവം ഉള്ളതു കൊണ്ടാണ് തങ്ങൾക്ക് ഇക്കാര്യത്തിൽ ഇത്ര ആശങ്കയെന്ന് സിപിഐ നേതാവും അഭിഭാഷകനുമായ പ്രശാന്ത് രാജൻ പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K