24 September, 2023 05:26:37 PM


തെരുവുനായ തീവ്രവാക്സിനേഷൻ യജ്ഞത്തിന് കോട്ടയം ജില്ലയിൽ തുടക്കമായി



കോട്ടയം: തെരുവുനായ പേവിഷപ്രതിരോധത്തിനായി നടപ്പാക്കുന്ന തെരുവുനായ തീവ്രവാക്സിനേഷൻ യജ്ഞത്തിന് സമൂഹത്തിന്‍റെ എല്ലാ മേഖലയിൽ നിന്നുമുള്ള പിന്തുണ ഉറപ്പാക്കണമെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.  വാക്സിനേഷൻ യജ്ഞത്തിന്‍റെ ജില്ലാതല ഉദ്ഘാടനം നീണ്ടൂർ കൈപ്പുഴ സെന്റ് ജോർജ്ജസ് വൊക്കേഷണൽ ഹയർ സെക്കൻഡറി ഓഡിറ്റോറിയത്തിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, കുടുംബശ്രീ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മറ്റ് സ്വകാര്യ- പൊതു സ്ഥാപനങ്ങളുടെ പിന്തുണയിലൂടെ മാത്രമേ ക്യാമ്പയിൻ വിജയിപ്പിക്കാനാകൂ. വന്ധീകരണവുമായി ബന്ധപ്പെട്ട്  നടപ്പാക്കുന്ന എബിസി പദ്ധതി കൊണ്ട് മാത്രം പ്രതിരോധം പൂർണമാകില്ലെന്ന തിരിച്ചറിവിലാണ് തീവ്ര വാക്സിനേഷൻ ആരംഭിക്കുന്നത്.

 ടീം സ്ക്വഡ്, ഡോക് ക്യാച്ചേഴ്സ് എന്നിവരടങ്ങുന്ന സംഘമാണ് വാക്സിനേഷൻ നടപ്പാക്കുക. നമ്മുടെ നാട് നേരിടുന്ന ഏറ്റവും വലിയ ഭീതിജനകമായ പ്രശ്നമാണ് ഇന്ന് തെരുവുനായ ആക്രമണം. തെരുവുനായ ആക്രമണം ഒരൊറ്റപ്പെട്ട സംഭവമല്ലെന്നും ഇത്തരം സംഭവങ്ങൾ വ്യാപകമാവുമ്പോൾ ഇതിന് പരിഹാരമായാണ് തീവ്ര വാക്സിനേഷൻ നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ ജില്ലാതല മൃഗക്ഷേമ അവാർഡ് വിതരണം, തെരുവുനായ നിയന്ത്രണപദ്ധതിയുടെ ഡോക്യുമെന്ററി പ്രകാശനം, പരിശീലനം നൽകിയ തെരുവുനായ്ക്കളെ ദത്ത് നൽകൽ, പക്ഷിപ്പനി പ്രതിരോധത്തിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച നീണ്ടൂർ ഗ്രാമപഞ്ചായത്തിനുള്ള അംഗീകാരം, ഡോക്യുമെന്ററി തയാറാക്കിയ വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം, മൃഗക്ഷേമ പ്രവർത്തനങ്ങൾക്ക് ആദരം നൽകൽ എന്നിവയോടൊപ്പം തെരുവുനായകളെ സംരക്ഷിച്ച് അവയ്ക്ക് പ്രത്യേക പരിശീലനം നൽകുന്ന വൈക്കം ഉണ്ണിയെയും ആദരിച്ചു.  തുടർന്ന്  എ.ബി.സി- ഐ.ഇ.സി ജന്തുക്ഷേമ ബോധവത്ക്കരണ സെമിനാർ നടന്നു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. ബിന്ദു അധ്യക്ഷത വഹിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. എൻ. ജയദേവൻ പദ്ധതി വിശദീകരിച്ചു. ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി മുഖ്യപ്രഭാഷണം നടത്തി. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ആര്യ രാജൻ, നീണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി.കെ പ്രദീപ് ,നീണ്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ആലീസ് ജോസഫ്, ബ്ലോക്ക് പഞ്ചായത്തംഗം സവിത ജോമോൻ, നീണ്ടൂർ ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതിയംഗങ്ങൾ, ഗ്രാമപഞ്ചായത്ത്‌ അംഗങ്ങൾ,തദ്ദേശസ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ, ജില്ലാ പ്ലാനിംഗ് ഓഫീസർ ലിറ്റി മാത്യു, നീണ്ടൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി രതി ടി.നായർ,  നീണ്ടൂർ വി.എച്ച്.എസ്.എസ് മാനേജർ റവ.ഫാ സാബു മാലിത്തുരുത്തേൽ   സഹകരണ ബാങ്ക് പ്രസിഡന്‍റ് എം.കെ ബാലകൃഷ്ണൻ, നീണ്ടൂർ സഹകരണ ബാങ്ക് പ്രസിഡന്‍റ് വി.കെ. കുര്യാക്കോസ്, നീണ്ടൂർ സി.ഡി.എസ്. ചെയർപേഴ്സൺ എൻ.ജെ. റോസമ്മ, വെറ്ററിനറി സർജൻ ഡോ. പ്രസീനാദേവ് എന്നിവർ പങ്കെടുത്തു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K