27 September, 2023 11:01:28 AM


സഹപാഠികളുടെ മുന്നിൽവച്ച് വിദ്യാര്‍ഥിനികളുടെ വസ്ത്രം അഴിപ്പിച്ചു; ഹോസ്റ്റൽ അധികൃതർക്കെതിരെ കേസ്



പാലക്കാട്: സഹപാഠികളുടെ കൺമുന്നിൽവച്ച് ആദിവാസി വിദ്യാർഥിനികളുടെ വസ്ത്രം അഴിപ്പിച്ചതായി പരാതി. ഷോളയൂർ പ്രീമെട്രിക് ഗേൾസ് ഹോസ്റ്റൽ അധികൃതരിൽ നിന്നാണ് വിദ്യാർഥിനികൾക്ക് ദുരനുഭവം നേരിടേണ്ടി വന്നത്. ഈ മാസം ഇരുപത്തിരണ്ടിനാണ് സംഭവം. സംഭവത്തിൽ ഹോസ്റ്റൽ ജീവനക്കാരായ ആതിര, കസ്തൂരി, സുജ, കൗസല്യ എന്നിവർക്കെതിരേ ഷോളയൂർ പോലീസ് കേസെടുത്തു.

ഹോസ്റ്റലിലെ ചില വിദ്യാർഥികളിൽ ചർമ്മ രോഗം ലക്ഷണങ്ങൾ കാണിച്ചിരുന്നുവെന്നും അതുകൊണ്ട് വസ്ത്രങ്ങൾ പരസ്പരം മാറിയിടരുതെന്ന് ഹോസ്റ്റൽ അധികൃതർ വിദ്യാർഥിനികൾക്ക് നിർദേശം നൽകിയിരുന്നു. ഇത് ലംഘിച്ച് വിദ്യാർഥിനികൾ വസ്ത്രം ധരിച്ചതാണ് സംഭവത്തിനു കാരണം. 

സഹപാഠികളുടെ കൺമുന്നിൽവച്ച് വസ്ത്രം അഴിപ്പിച്ചത് മാനസിക പ്രയാസങ്ങൾക്കിടയാക്കിയെന്നാണ് വിദ്യാർഥിനികൾ പറയുന്നത്. തുടർന്ന് രക്ഷിതാക്കളെ വിവരം അറിയിക്കുകയും അവർ പൊലീസിൽ പരാതി നൽകുകയുമായിരുന്നു. പൊലീസ് കുട്ടികളുടെ മൊഴി രേഖപ്പെടുത്തി.

എന്നാൽ വിദ്യാർഥിനികൾക്ക് ചർമ്മരോഗം പടരാൻ സാധ്യത ഉള്ളതിനാൽ പരസ്പരം വസ്ത്രം ധരിക്കരുത് എന്ന് നിർദേശം നൽകിയിരുന്നു. ഇത് ലംഘിച്ച വിദ്യാർഥിനികളോട് വസ്ത്രം മാറി വരാൻ നിർദേശിക്കുക മാത്രമാണ് ചെയ്തതെന്നാണ് ഹോസ്റ്റൽ ജീവനക്കാർ പ്രതികരിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K