27 September, 2023 12:03:21 PM


കണ്ടിട്ട് മിണ്ടാഞ്ഞതില്‍ സുഹൃത്തിനെ കുത്തിപ്പരിക്കേല്പിച്ച യുവാവ് പിടിയില്‍



തിരുവനന്തപുരം: പരിചയമുണ്ടായിട്ടും തന്നെ പുറത്ത് വെച്ച് കണ്ടപ്പോൾ മിണ്ടിയില്ല എന്ന് ആരോപിച്ച് സുഹൃത്തിനെ കുത്തിപ്പരിക്കേല്പിച്ച കേസിൽ യുവാവ് പിടിയിൽ. പള്ളിത്തുറ തിരുഹൃദയ ലെയിനിൽ പുതുവൽ പുരയിടത്തിൽ ഡാനി റെച്ചൻസ് (31) ആണ് അറസ്റ്റിലായത്. ഞായറാഴ്ച രാത്രി പതിനൊന്നരയോടെയാണ് കേസിന് ആസ്പദമായ സംഭവമെന്ന് പൊലീസ് പറഞ്ഞു. 

ഡാനിയെ ഇയാളുടെ സുഹൃത്തായിരുന്ന തുമ്പ സ്വദേശി സന്തോഷ് പുറത്തുവച്ച് കണ്ടിരുന്നു. എന്നാൽ സന്തോഷ് ഡാനിയോട് മിണ്ടിയില്ല. ഇതിൽ പ്രകോപിതനായി  സന്തോഷിന്‍റെ വീട്ടിലെത്തിയ ഡാനി അസഭ്യം പറഞ്ഞു. വീടിന് പുറത്ത് ബഹളം കേട്ട് പുറത്ത് ഇറങ്ങിയ സന്തോഷിനെ കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 

കത്തികൊണ്ട് ഡാനി സന്തോഷിനെ നിരവധി തവണ കുത്തി. ബഹളം കേട്ട് വീട്ടുകാർ എത്തിയതോടെ പ്രതി സംഭവ സ്ഥലത്തു നിന്നും രക്ഷപ്പെട്ടു. ആക്രമണത്തിൽ സാരമായി പരിക്കറ്റ സന്തോഷിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടുകാരുടെ പരാതിയിൽ കേസെടുത്ത തുമ്പ പൊലീസാണ് പ്രതിയെ പിടികൂടിയത്. നിരവധി കേസുകളിൽ പ്രതിയാണ് ഡാനി റെച്ചൻസെന്ന് പൊലീസ് പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K