12 October, 2023 08:53:23 PM


സ്കൂൾ കെട്ടിടങ്ങൾ അപകടാവസ്ഥയിൽ: എന്നിട്ടും ഫിറ്റ്നസ് നൽകി ഗ്രാമപഞ്ചായത്ത്‌



കോട്ടയം : നിർമ്മാണ മേഖലയിൽ വൻ ക്രമക്കേടുകളുമായി കോട്ടയം ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ. ഇന്ന് കോട്ടയം ജില്ലയിലെ അഞ്ച് പഞ്ചായത്തുകളില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന ക്രമക്കേടുകള്‍. ജില്ലയിലെ കാഞ്ഞിരപ്പളളി, മീനച്ചില്‍, തലയോലപ്പറമ്പ്, കല്ലറ, പായിപ്പാട് എന്നീ  അഞ്ച് ഗ്രാമപഞ്ചായത്തുകളിലാണ് വിജിലന്‍സ് സംഘം പരിശോധന നടത്തിയത്.


കല്ലറ പഞ്ചായത്തിലെ ഓവർസിയർ ഒരു കൺസ്ട്രക്ഷൻ സ്ഥാപനമുടമയുമായി കഴിഞ്ഞ ജനുവരി 7 മുതൽ അഞ്ചു ലക്ഷത്തിനു മുകളിലും മറ്റു പലരുമായി ലക്ഷങ്ങളുടെയും അനധികൃത പണമിടപാട് ഗൂഗിൾ പേ വഴി നടത്തിയതായി കണ്ടെത്തി. പഞ്ചായത്തിൽ നടന്ന 35 വർക്കുകളിൽ രണ്ടു കരാറുകാർക്കായി 11ഉം 9ഉം വീതം നൽകിയത് സംശയം ഉളവാക്കുന്നതിനാൽ ഗുണനിലവാരപരിശോധന നടത്തണമെന്ന് വിജിലൻസ് നിർദേശിച്ചു.



മീനച്ചിൽ പഞ്ചായത്തിൽ കെട്ടിട നിർമ്മാണ പെർമിറ്റ്‌, നമ്പർ ഇവ അനുവദിക്കുന്നതിനുള്ള ഫയലുകൾ നടപടിയെടുക്കാതെ താമസിപ്പിക്കുന്നതായും വാണിജ്യപരമായ കെട്ടിടങ്ങൾക്ക് ചട്ടങ്ങൾക്ക് വിരുദ്ധമായി നമ്പർ അനുവദിച്ചതായും കണ്ടെത്തി.


പായിപ്പാട് ഗ്രാമപഞ്ചായത്തിൽ ടേക്ക് എ ബ്രേക് പദ്ധതിയിൽ ഉൾപ്പെടുത്തി മീൻ മാർക്കറ്റിൽ പണിത ശുചിമുറിയുടെ ഗുണനിലവാര പരിശോധന നടത്തിയിട്ടില്ലെന്ന് കണ്ടെത്തി. പഞ്ചായത്തിലെ പല നിർമാണപ്രവൃത്തികളുടെയും ടെൻഡർ രജിസ്റ്റർ അപൂർണമാണെന്ന് കണ്ടെത്തി. പായിപ്പാട് സെന്റ് ജോസഫ് ഹൈ സ്കൂൾ, എൽ പി സ്കൂൾ, ളായിക്കാട് എൽ പി സ്കൂൾ ഇവയുടെ കാലപ്പഴക്കം ഉള്ളതും മേൽക്കൂര അപകടവസ്ഥയിലുമായ കെട്ടിടങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയിരിക്കുന്നതായി കണ്ടെത്തി. 


തലയോലപറമ്പ് ഗ്രാമപഞ്ചായത്തിൽ 2022-23 സാമ്പത്തിക വർഷം എഗ്രിമെന്റ് രജിസ്റ്റർ പരിശോധിച്ചതിൽ കരാറുകാർക്ക് സംശയാസ്പദമായ സാഹചര്യത്തിൽ വർക്കുകൾ കൂടുതലായി ലഭിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ടെൻഡർ രജിസ്റ്റർ കൃത്യമായി സൂക്ഷിക്കുന്നില്ലെന്നും കണ്ടെത്തി. വാണിജ്യപരമായ കെട്ടിടങ്ങളിൽ റാംമ്പ് സൗകര്യമോ കെട്ടിടത്തിന് അനുസൃതമായ ശുചിമുറി സൗകര്യങ്ങളോ ഇല്ലാത്തതായും കണ്ടെത്തി. പെർമിറ്റിൽ നിന്ന് വ്യത്യസ്തമായും  അനധികൃതമായുമുള്ള കെട്ടിടനിർമ്മാണങ്ങൾക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഒത്താശ ചെയ്തു നൽകിയിരിക്കുന്നതായും കണ്ടെത്തി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K