14 October, 2023 02:43:34 PM
തൃശൂരിൽ കാറിലെത്തിയ സംഘം സ്വകാര്യ ബസ് തടഞ്ഞു നിർത്തി ജീവനക്കാരെ മർദിച്ചു

തൃശൂര്‍: തൃശൂരിൽ കാറിലെത്തിയ സംഘം സ്വകാര്യ ബസ് തടഞ്ഞു നിർത്തി ബസ് ജീവനക്കാരെ മർദിച്ചതായി പരാതി. ഇന്നലെ രാത്രി ഒമ്പത് മണിയോടെ പെരിഞ്ഞനം കൊറ്റംകുളത്തായിരുന്നു സംഭവം. ഡ്രൈവറെയും വനിതാ കണ്ടക്ടറെയും ആക്രമിച്ച സംഘം ബസിന്‍റെ ചില്ലും തകർത്തതായി പറയുന്നു.
എറണാകുളം – ഗുരുവായൂർ റൂട്ടിലോടുന്ന കൃഷ്ണ ലിമിറ്റഡ് സ്റ്റോപ് ബസിലെ ഡ്രൈവർ ചാവക്കാട് സ്വദേശി കുണ്ടു വീട്ടിൽ ഗിരീഷ്, വനിത കണ്ടക്ടർ മതിലകം സ്വദേശി കൊട്ടാരത്ത് വീട്ടിൽ ലെമി എന്നിവർക്കാണ് മർദനമേറ്റത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെ പെരിഞ്ഞനം കൊറ്റംകുളം സെന്‍ററിലായിരുന്നു സംഭവം.
മതിലകത്ത് വെച്ച് യുവാക്കൾ സഞ്ചരിച്ചിരുന്ന കാറിനെ ബസ് ഓവർ ടേക്ക് ചെയ്തപ്പോൾ കാറിൽ തട്ടി എന്നാരോപിച്ച് കൊറ്റംകുളത്ത് ബസ് തടഞ്ഞു നിർത്തി ജീവനക്കാരെ മർദിക്കുകയായിരുന്നു. ഡ്രൈവറെയും തന്നെയും മർദിക്കുകയും ബസിന്‍റെ ചില്ല് തകർക്കുകയും ചെയ്തതായി ബസ് കണ്ടക്ടർ ലെമിപറഞ്ഞു.
ആക്രമണത്തിൽ ഡ്രൈവർ ഗിരീഷിന് കൈക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. അക്രമവുമായി ബന്ധപ്പെട്ട് നാല് പേരെ കയ്പമംഗലം പോലീസ് കസ്റ്റഡിയിൽ എടുത്തു. സംഭവത്തിൽ പ്രതിഷേധിച്ച് എറണാകുളം – ഗുരുവായൂർ റൂട്ടിലെ സ്വകാര്യ ബസ് ജീവനക്കാർ പണിമുടക്ക് നടത്തുന്നുണ്ട്.





