21 October, 2023 06:38:34 PM


എരുമേലിയില്‍ മണ്ഡലകാല സുരക്ഷാക്രമീകരണങ്ങൾ വിലയിരുത്തി ജില്ലാ പോലീസ്



എരുമേലി: ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട് എരുമേലിയിലും പരിസരപ്രദേശങ്ങളിലും നടപ്പാക്കേണ്ട സുരക്ഷാക്രമീകരണങ്ങളെകുറിച്ച് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്‍റെ നേതൃത്വത്തിൽ നടന്ന യോഗത്തില്‍ വിലയിരുത്തി. 

എരുമേലി പോലീസ് സ്റ്റേഷനിലെ കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് നടന്ന യോഗത്തിൽ ദേവസ്വം ബോർഡ് പ്രതിനിധികൾ, പഞ്ചായത്ത്, റവന്യൂ, ഹെൽത്ത്, വനം,  എക്സൈസ്, വാട്ടര്‍ അതോറിറ്റി, കെ.എസ്.ഇ.ബി, വ്യാപാരി വ്യവസായി പ്രതിനിധികൾ  മറ്റ് വിവിധ വകുപ്പുകളിൽ പെട്ട ഉദ്യോഗസ്ഥരും പങ്കെടുത്തു. 

എരുമേലിയിലും,പരിസര പ്രദേശങ്ങളിലും എല്ലാ ഭാഷയിലുമുള്ള സൈൻ ബോർഡുകൾ,കൂടാതെ റോഡിലെ ഹമ്പുകള്‍ തുടങ്ങിയവ  ഭക്തർക്ക് കാണത്തക്ക വിധത്തിൽ സ്ഥാപിക്കുന്നതിനും, റോഡിന് സമീപമുള്ള കാടുകൾ വെട്ടിത്തെളിക്കുന്നതിനും, നദികളിൽ കുളിക്കാൻ ഇറങ്ങുന്ന ഭക്തർക്ക് എല്ലാ ഭാഷയിലുമുള്ള മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുന്നതിനും, കൂടാതെ കുളിക്കടവിലും, പാർക്കിംഗ് ഏരിയയിലും കൃത്യമായ വെളിച്ചം നൽകുന്നതിനും, എരുമേലിയിലും പരിസരങ്ങളിലും കൃത്യമായ  അനൗൺസിങ് സംവിധാനം ഏർപ്പെടുത്തുന്നതിനും, ഹോട്ടലുകളിൽ ജോലി ചെയ്യുന്നവർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാക്കുന്നതിനുമായി  വിവിധ ഡിപ്പാർട്ട്മെന്റ്കൾക്ക് നിർദ്ദേശം നൽകി. കൂടാതെ രാത്രികാലങ്ങളില്‍ എത്തുന്ന ഭക്തരുടെ വാഹനങ്ങളിലെ  ഡ്രൈവർമാർക്ക് വണ്ടി നിർത്തിച്ച് അവർക്ക് ചുക്ക് കാപ്പി നൽകിയതിനു ശേഷം യാത്ര തുടരാൻ വേണ്ട സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തും. ഈ മണ്ഡലകാലത്ത് യാതൊരു വിധത്തിലുള്ള അപകടങ്ങളും ഉണ്ടാകാതിരിക്കുക എന്നതാണ് ലക്ഷ്യമെന്നും ഇതിനായി  എല്ലാ ഡിപ്പാർട്ട്മെന്റുകളും ഒരുമിച്ച് പ്രവർത്തിക്കണമെന്നും എസ്.പി പറഞ്ഞു. 

അഡീഷണൽ എസ്.പി വി.സുഗതൻ, സ്പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി സാജു വര്‍ഗീസ്‌, കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പി അനില്‍കുമാര്‍, എസ്.എസ്.ബി ഡി.വൈ.എസ്.പി. ആര്‍.മധു ,എരുമേലി എസ്.എച്ച്.ഓ ബിജു ഇ.ഡി, എസ്.ഐ ശാന്തി കെ.ബാബു ,കാഞ്ഞിരപ്പള്ളി സബ്ഡിവിഷനിലെ വിവിധ എസ്.എച്ച്.ഓ മാര്‍   എന്നിവരും  യോഗത്തിൽ പങ്കെടുത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K