25 October, 2023 07:21:57 PM


വ്യാജ പരസ്യം നല്‍കി യുവാവിനെ കബളിപ്പിച്ച് 2 ലക്ഷം രൂപ തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ



കടുത്തുരുത്തി: സമൂഹമാധ്യമത്തിലൂടെ വാഹനം വിൽപ്പനയ്ക്ക് എന്ന  വ്യാജ പരസ്യം നല്‍കി യുവാവിനെ കബളിപ്പിച്ച്  ലക്ഷങ്ങൾ തട്ടിയ കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. അയർക്കുന്നം പുളിയമ്മാക്കൽ ഭാഗത്ത് കോയിക്കൽ വീട്ടിൽ റോബിൻ എന്ന് വിളിക്കുന്ന സുധിൻ സുരേഷ്(26) എന്നയാളെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ 2022 ല്‍ ഫേസ്ബുക്കിലൂടെ മാർക്കറ്റ്പ്ലേസ് എന്ന ഓൺലൈൻ വാഹന വില്പന സൈറ്റിൽ തന്‍റെ ഓട്ടോറിക്ഷ   വിൽപ്പനയ്ക്ക് എന്ന പേരിൽ വ്യാജ പരസ്യം നൽകി എറണാകുളം ചിറ്റൂർ സ്വദേശിയായ യുവാവില്‍ നിന്നും 2,11,000(രണ്ടു ലക്ഷത്തി പതിനൊന്നായിരം)  രൂപ തട്ടിയെടുക്കുകയായിരുന്നു. 

പരസ്യം കണ്ട് ചിറ്റൂർ സ്വദേശിയായ യുവാവ് ഇയാളെ ബന്ധപ്പെടുകയും, പണവുമായി യുവാവിനോട് കടുത്തുരുത്തിയിൽ എത്താൻ ഇയാൾ ആവശ്യപ്പെടുകയുമായിരുന്നു. യുവാവ് പണവുമായി കടത്തുരുത്തിയിൽ എത്തിയ സമയം സുധിനു പകരം മറ്റൊരാൾ എത്തി വാഹനം നൽകി ആർ.സി ലെറ്റർ രണ്ട് ദിവസത്തിനുള്ളിൽ മാറ്റിത്തരാമെന്ന്  പറഞ്ഞ് പണവുമായി കടന്നു കളയുകയായിരുന്നു. പിന്നീട് വണ്ടിയുടെ ഓണർഷിപ്പ് മാറ്റി  നൽകാതിരിക്കുകയും , ഫോൺ വിളിച്ചാൽ എടുക്കാതിരിക്കുകയുമായിരുന്നു. തുടര്‍ന്ന് ഈ വാഹനം ഏറ്റുമാനൂർ സ്റ്റേഷനിൽ കേസിൽ ഉൾപ്പെട്ടതാണെന്നും,,താൻ കബളിപ്പിക്കപ്പെടുകയായിരുന്നുവെന്നും  അറിഞ്ഞതിനെ തുടർന്ന് യുവാവ് പരാതി നൽകുകയായിരുന്നു. 

പരാതിയെ തുടർന്ന് കടുത്തുരുത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ സുധിനെ  പിടികൂടുകയുമായിരുന്നു. കടുത്തുരുത്തി സ്റ്റേഷൻ എസ്.എച്ച്. ഓ സജീവ് ചെറിയാൻ, എസ്.ഐ വിജിമോൻ, എ.എസ്.ഐ സുരജാ, സി.പി.ഓ അജീഷ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾക്ക് ഏറ്റുമാനൂർ സ്റ്റേഷനിൽ സമാനമായ കേസുകൾ നിലവിലുണ്ട്. ഇയാളെ കോടതിയിൽ ഹാജരാക്കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K