28 October, 2023 05:48:43 PM


അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റണം: കോട്ടയം ജില്ലാ വികസനസമിതി യോഗം



കോട്ടയം: പൊതുസ്ഥലങ്ങളിൽ അപകടകരമായി നിൽക്കുന്ന മരങ്ങൾ അടിയന്തരമായി മുറിച്ചു മാറ്റണമെന്ന് ജില്ലാ വികസനസമിതിയോഗം. കഴിഞ്ഞ ദിവസം കളക്ടറേറ്റിന് സമീപമുണ്ടായ അപകടം ഏറെ ഗൗരവത്തോടെ കാണേണ്ടതാണെന്നു വികസനസമിതി വിലയിരുത്തി. ജില്ലാ ആസൂത്രണസമിതി സെക്രട്ടറിയേറ്റ് ഹാളിൽ നടന്ന യോഗത്തിൽ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ജി. നിർമൽകുമാർ അധ്യക്ഷത വഹിച്ചു.

മാലിന്യമുക്തം നവകേരളം കാമ്പയിനുമായി ബന്ധപ്പെട്ട് പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കണമെന്നും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ മാത്രം ഉത്തരവാദിത്തമായി കാണാതെ വകുപ്പുകളും സ്വകാര്യസ്ഥാപനങ്ങളും പൊതുജനങ്ങളും ഒരുമിച്ച് ശുചീകരണപ്രവർത്തനങ്ങൾ നടത്തണമെന്നും യോഗം അഭിപ്രായപ്പെട്ടു. വാഴൂരിലെ മൃഗാശുപത്രിയിൽ ഡോക്ടർമാരില്ലെന്നും പ്രദേശത്ത് ക്ഷീരകർഷകർ ഏറെയുള്ളതിനാൽ അടിയന്തരനടപടി സ്വീകരിക്കണമെന്നും സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് പറഞ്ഞു. പൊൻകുന്നം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ ഫിറ്റ്നസില്ലാത്ത ഒരു കെട്ടിടം പൊളിച്ച് മാറ്റുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

തദ്ദേശസ്വയംഭരണവകുപ്പ് വില നിശ്ചയിച്ചാൽ ഒരാഴ്ചയ്ക്കകം പൊളിച്ച് മാറ്റാനുള്ള നടപടി സ്വീകരിക്കാനാകുമെന്ന് വിദ്യഭ്യാസ ഉപഡയറക്ടർ യോഗത്തെ അറിയിച്ചു. കരിമ്പുകയം കുടിവെള്ളപദ്ധതിയുമായി ബന്ധപ്പെട്ട് സ്ഥലമേറ്റെടുത്തതിന്റെ നൽകാനുള്ള തുക
നൽകണമെന്നും ചീഫ് വിപ്പ് ആവശ്യപ്പെട്ടു. കുന്നുംഭാഗം ജി.എച്ച്.എസ്.എസിന്റെ പഴയ കെട്ടിടങ്ങൾ പൊളിച്ച് മാറ്റുമ്പോൾ കെട്ടിടങ്ങളിൽ സൂക്ഷിച്ചിരുന്ന സ്പോർട്സ് ഉപകരണങ്ങൾ സുരക്ഷിതമായി മാറ്റണമെന്നും അദ്ദേഹം നിർദേശം നൽകി. അനുയോജ്യമായ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ മറുപടി നൽകി.

പായിപ്പാട് അംബേദ്കർ കോളനിയിലേക്കുള്ള റോഡ് നിർമാണം വേഗത്തിലാക്കണമെന്ന് അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ പറഞ്ഞു. ചങ്ങനാശേരി എക്സൈസ് കെട്ടിടത്തിന്റെ നിർമാണം ഉടൻ ആരംഭിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് എക്സൈസ് വകുപ്പിന് അദ്ദേഹം നിർദേശം നൽകി. ചങ്ങനാശേരിയിലെ ഗ്രാമപഞ്ചായത്തുകളിലെ മുഴുവൻ മാലിന്യവും നീക്കിയതായും നഗരസഭാപരിധിയിലെ മാലിന്യം ഒരാഴ്ചയ്ക്കകം നീക്കുമെന്നും ക്ലീൻ കേരള കമ്പനി പ്രതിനിധി അറിയിച്ചു.

ശബരിമല തീർഥാടകർക്ക് അട്ടിവളവിലുണ്ടായ അപകടം പരിഗണിച്ച് റോഡപകടങ്ങൾ കുറയ്ക്കുന്നതിനുള്ള പഠനം നടത്താൻ വികസനസമിതിയോഗം നിർദേശിച്ചു. മേഖലയിലെ അപകടം കുറയ്ക്കുന്നതിന് ആർ.ടി.ഒ., എൻ.എച്ച്., റോഡുസുരക്ഷാ വിഭാഗങ്ങൾ സംയുക്തമായാണ് പഠനം നടത്തേണ്ടത്. യോഗത്തിൽ സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ., എ.ഡി.എം. നിർമൽകുമാർ, ജില്ലാ പ്ലാനിംഗ് ഓഫീസർ ലിറ്റി മാത്യു എന്നിവർ പങ്കെടുത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K