03 November, 2023 06:34:49 PM


ഏറ്റുമാനൂർ നഗരത്തിൽ വെള്ളപൊക്കം: നഗരസഭ ഉറക്കം വെടിയണമെന്ന് നാട്ടുകാർ



ഏറ്റുമാനൂർ: മഴയൊന്നു കനത്താൽ ഏറ്റുമാനൂർ നഗരത്തിൽ വെള്ളപൊക്കം. മാലിന്യം നിറഞ്ഞു ഓടകൾ എല്ലാം അടഞ്ഞതാണ് പ്രധാന കാരണം. മഴ തകർത്തു പെയ്യുന്ന കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഏറ്റുമാനൂർ നഗരവീഥികൾ വെള്ളത്തിനടിയിലാകുന്ന അവസ്ഥയാണ് കാണുന്നത്. പാലാ റോഡിലെ ഓടകൾ വൃത്തിയാക്കി പുതുക്കി പണിതെങ്കിലും വീണ്ടും മാലിന്യങ്ങൾ അടിഞ്ഞു കൂടി നീരൊഴുക്ക് സാധ്യമാകാതെ വന്നതോടെ വെള്ളം റോഡിലൂടെ പരന്നൊഴുകാൻ തുടങ്ങിയിരുന്നു.

പാലാ റോഡിലും പേരൂർ റോഡിലും അനുഭവപ്പെടുന്ന വെള്ളക്കെട്ട് കാൽനട യാത്രികരെയും ഇരുചക്ര വാഹനങ്ങളെയും കുറച്ചൊന്നുമല്ല വിഷമിപ്പിക്കുന്നത്. വ്യാപാരികളും പ്രതിസന്ധി നേരിടുന്നു.  ഏറ്റുമാനൂർ മാർക്കറ്റിലെയും നഗരത്തിലെ വിവിധ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും മറ്റും പുറന്തള്ളുന്ന മാലിന്യങ്ങളാണ് ഓടകളിൽ കെട്ടി കിടക്കുന്നത്. മാലിന്യം നീക്കി നീരോഴുക്ക് സുഗമമാക്കിയാൽ ഈ പ്രശ്നത്തിന് പരിഹരമാകും. ഏറ്റുമാനൂർ നഗരസഭ ഉറക്കം വെടിഞ്ഞ് ഇതിനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K