08 November, 2023 06:19:53 PM


കോട്ടയം ജില്ലയിലെ 10 പഞ്ചായത്തുകൾ 100 ശതമാനം മാലിന്യമുക്തം: ഏറ്റുമാനൂർ നഗരസഭ 75%



കോട്ടയം: മാലിന്യമുക്തം നവകേരളം കാമ്പയിനിലൂടെ മാലിന്യമുക്തമായി ജില്ലയിലെ 10 പഞ്ചായത്തുകൾ. കല്ലറ, വെള്ളൂർ, അയ്മനം, ഉദയനാപുരം, വെച്ചൂർ, തിരുവാർപ്പ്, ടി.വി. പുരം, മറവൻതുരുത്ത്, ചെമ്പ് പഞ്ചായത്തുകളാണ് നേട്ടം കൈവരിച്ചത്. എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ഹരിതകർമ്മസേനയുടെ സേവനം ലഭ്യമാക്കി യൂസർ ഫീ കളക്ഷനിൽ 100 ശതമാനം എന്ന നേട്ടവും ഈ പഞ്ചായത്തുകൾ കൈവരിച്ചു.

ജൈവ-അജൈവ മാലിന്യങ്ങൾ ഉറവിടത്തിൽ തരംതിരിക്കുക, യൂസർ ഫീ അടിസ്ഥാനത്തിൽ വീടുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും അജൈവമാലിന്യം ശേഖരിക്കൽ, ജൈവമാലിന്യപരിപാലനം എന്നിവയിൽ 90 മുതൽ 100 ശതമാനം വരെയും പൊതുശുചിത്വത്തിൽ 80 മുതൽ 100 ശതമാനം വരെയും ജലാശയങ്ങളുടെ വൃത്തി പരിപാലിക്കുന്നതിൽ 70 മുതൽ 100 ശതമാനം വരെയും നേട്ടം കൈവരിച്ചാലാണ് തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ മാലിന്യമുക്തമായി പ്രഖ്യാപിക്കപ്പെടുക. തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ സ്വയംപ്രഖ്യാപനം നടത്തിയശേഷം ജില്ലാതല സമിതി പരിശോധിച്ച് അംഗീകാരം നൽകും.

ഖരമാലിന്യപരിപാലനപ്രവർത്തനങ്ങൾ ജില്ലയിലെ 71 പഞ്ചായത്തുകളിലും ആറു നഗരസഭകളിലും പുരോഗമിക്കുകയാണ്. 13 പഞ്ചായത്തുകളും ഏറ്റുമാനൂർ, വൈക്കം നഗരസഭകളും 75 ശതമാനത്തിനു മുകളിൽ യൂസർ ഫീ കളക്ഷൻ നേടി. എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഹരിത കർമ്മസേനയുമായി സഹകരിക്കുന്ന വീടുകളുടെയും കച്ചവടസ്ഥാപനങ്ങളുടെയും എണ്ണം വർധിച്ചതായി തദ്ദേശസ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ പറഞ്ഞു.

മുഴുവൻ സ്‌കൂൾ കുട്ടികൾക്കും മാലിന്യസംസ്‌കരണത്തിൽ പരിശീലനം നൽകുന്ന പ്രവർത്തനം മൂന്നു നിയമസഭമണ്ഡലങ്ങളിൽ പൂർത്തിയായി. മറ്റു മണ്ഡലങ്ങളിൽ ഇതിന്റെ ഭാഗമായുള്ള അധ്യാപക പരിശീലനം നടക്കുന്നു. മാലിന്യമുക്തം നവകേരളം കാമ്പയിന്റെ ഭാഗമായി ശുചിത്വ സന്ദേശയാത്ര, മൈക്ക് അനൗൺസ്‌മെന്റ, ക്ലാസുകൾ, യുവസംഗമം, പഞ്ചായത്ത്, വാർഡ്, ക്ലസ്റ്റർ തലങ്ങളിൽ കൺവൻഷനുകൾ, ഹരിത കർമ്മസേനക്കൊപ്പം ഒരു ദിവസം തുടങ്ങിയ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്.

മാലിന്യക്കൂനകൾ നീക്കം ചെയ്ത ഇടങ്ങളിൽ എൻ.എസ്.എസിന്റെ സഹായത്തോടെ പൂച്ചെടികൾ വച്ച് മനോഹരമാക്കുന്ന സ്‌നേഹാരാമം പദ്ധതിയും നടന്നുവരുന്നു. തദ്ദേശസ്വയംഭരണവകുപ്പിനോടൊപ്പം ശുചിത്വ മിഷൻ, നവകേരള മിഷൻ, കുടുംബശ്രീ, കില, ക്ലീൻ കേരള കമ്പനി, കെ.എസ്.ഡബ്ല്യൂ.എം.പി. എന്നിവയും ഉൾപ്പെടുന്ന ജില്ലാ കാമ്പയിൻ സെക്രട്ടറിയേറ്റാണ് ജില്ലയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
 
75 ശതമാനത്തിനു മുകളിൽ ഹരിതകർമ്മസേന യൂസർ ഫീ കളക്ഷൻ നേടിയ തദ്ദേശസ്ഥാപനങ്ങൾ:

മാടപ്പിള്ളി-96.12
വാഴൂർ-95
ഭരണങ്ങാനം-87.57
നീണ്ടൂർ-84.84
ആർപ്പൂക്കര-82.42
മൂന്നിലവ്-81.26
മേലുകാവ്-81.19
മൺർകാട്-80.75
തലയാഴം-80.24
കുറിച്ചി-79.46
കൂട്ടിക്കൽ-79.05
പുതുപ്പള്ളി-78.91
വൈക്കം നഗരസഭ-77.18
കുമരകം-76.92
ഏറ്റുമാനൂർ നഗരസഭ-75

ഹരിതസഭ 14ന്

പഞ്ചായത്തിലെയും നഗരസഭകളിലെയും ശുചിത്വം വിലയിരുത്തുന്ന ഹരിതസഭ ശിശുദിനമായ  നവംബർ 14ന് നടക്കും. സ്‌കൂളുകളിൽ നിന്ന് തെരഞ്ഞെടുക്കുന്ന 150-200 കുട്ടികളാണ് ഓരോ ഹരിത സഭയിലും പങ്കെടുക്കുക. ജനപ്രതിനിധികൾ, അധ്യാപക-രക്ഷാകർതൃ സമിതി പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ ഹരിതസഭയുടെ ഭാഗമാകും.

ഓഫീസ് മേധാവികളുടെ യോഗം 10 ന്

എല്ലാ സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെയും മാലിന്യ സംസ്‌ക്കരണം ശാസ്ത്രീയമാക്കുന്നതിന്റെ ഭാഗമായി ഓഫീസ് മേധാവികളുടെ യോഗം നവംബർ 10ന് നടക്കും. ജില്ലാ കളക്ടർ അധ്യക്ഷത വഹിക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K