14 November, 2023 05:27:01 PM


ശുചിത്വസന്ദേശം ഉണർത്തി ശിശുദിനത്തിൽ നടന്ന ഹരിതസഭകൾ ശ്രദ്ധേയമായി

 

കോട്ടയം: 'മാലിന്യമുക്തം നവകേരളം കാമ്പയി'ന്റെ ഭാഗമായി മാലിന്യ സംസ്‌കരണത്തിൽ കുട്ടികളുടെ പങ്കാളിത്തവും നേതൃത്വവും ഉറപ്പുവരുത്തുന്നതിന് ജില്ലയിൽ കുട്ടികളുടെ ഹരിതസഭകൾ സംഘടിപ്പിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് ഹരിതസഭകൾ നടത്തിയത്. മാറ്റം വിദ്യാലയങ്ങളിൽ നിന്ന് തുടങ്ങണം അതിനായി ശുചിത്വ മാലിന്യസംസ്‌കരണ പ്രവർത്തനങ്ങളുടെ മാതൃകയായി വിദ്യാഭ്യാസ സ്ഥാപനങ്ങളെ മാറ്റിയെടുക്കണം എന്ന ആശയത്തിലൂന്നിയാണ് ശിശുദിനത്തിൽ ഹരിതസഭകൾ സംഘടിപ്പിച്ചത്.

മാലിന്യസംസ്‌കരണ രംഗത്ത് കുട്ടികളുടെ പങ്കാളിത്തവും നേതൃത്വവും ഉറപ്പാക്കുക, പുതുതലമുറയിൽ ശാസ്ത്രീയ മാലിന്യസംസ്‌കരണ സംവിധാനങ്ങൾ ഉറപ്പുവരുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ശുചിത്വ മിഷൻ, നവകേരളം മിഷൻ എന്നിവയുടെ നേതൃത്വത്തിൽ കുട്ടികളുടെ ഹരിതസഭകൾ നടപ്പാക്കുന്നത്.

ഓരോ വിദ്യാലയത്തിൽനിന്നും തിരഞ്ഞെടുത്ത വിദ്യാർഥികൾ അതത് തദ്ദേശ സ്വയംഭരണ പ്രദേശത്തെ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട റിപ്പോർട്ട് അവതരിപ്പിച്ചു. വിദ്യാർഥികൾക്ക് ജനപ്രതിനിധികളോട് സംവദിക്കാനും  ആശയങ്ങൾ കൈമാറാനും അവസരം ഉണ്ടായിരുന്നു.  മികച്ച ആശയം പങ്കുവയ്ക്കുന്ന വിദ്യാലയങ്ങൾക്കും വിദ്യാർഥികൾക്കും അധ്യാപകർക്കും സമ്മാനങ്ങളും സർട്ടിഫിക്കറ്റും നൽകും.  

കോട്ടയം നഗരസഭയിൽ

കോട്ടയം: മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി ശിശുദിനത്തിൽ കോട്ടയം നഗരസഭയിൽ കുട്ടികളുടെ ഹരിത സഭ സംഘടിപ്പിച്ചു. മാമ്മൻ മാപ്പിള ഹാളിൽ നടന്ന പരിപാടി നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. നഗരസഭ വിദ്യാഭ്യാസ  സ്ഥിരംസമിതി അധ്യക്ഷൻ കെ. ശങ്കരൻ അധ്യക്ഷനായിരുന്നു. മാലിന്യമുക്ത നവകേരളം മാനേജർ എം. മനോജ് റിപ്പോർട്ട് അവതരിപ്പിച്ചു. ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ജോസ് പള്ളിക്കുന്നേൽ, നഗരസഭാംഗങ്ങളായ ബി.ഗോപകുമാർ, ബിജുകുമാർ പാറക്കൽ, മോളിക്കുട്ടി സെബാസ്റ്റ്യൻ, നഗരസഭാ സെക്രട്ടറി ബി. അനിൽകുമാർ, കില പ്രതിനിധി സുനു പി. മാത്യു എന്നിവർ പങ്കെടുത്തു.

നഗരസഭാ പരിധിയിലുള്ള 57 വിദ്യാലയങ്ങളിൽ നിന്നായി 330 വിദ്യാർത്ഥികളും 63 പ്രതിനിധികളും ഹരിതസഭയിൽ പങ്കെടുത്തു. വിദ്യാർത്ഥികൾ മാലിന്യ മുക്ത പ്രതിജ്ഞ എടുത്തു. മാലിന്യ സംസ്‌ക്കരണ ഉപാധികളെക്കുറിച്ച് വിദ്യാർത്ഥികൾക്കായി ക്ലാസുകളും നടന്നു.

മീനച്ചിൽ ഗ്രാമപഞ്ചായത്തിൽ 

കോട്ടയം: മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി മീനച്ചിൽ ഗ്രാമപഞ്ചായത്ത് കുട്ടികളുടെ ഹരിതസഭ പൂവരണി ഗവൺമെന്റ് യു.പി സ്‌കൂളിൽ സംഘടിപ്പിച്ചു.  ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിൻസി മാർട്ടിൻ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ  ടി.ബി. ബിജു അധ്യക്ഷത വഹിച്ചു.  ഗ്രാമപഞ്ചായത്തംഗങ്ങളായ ജോയി കുഴിപ്പാല, ബിന്ദു ശശികുമാർ, പൂവരണി സ്‌കൂൾ പ്രധാനാധ്യപകൻ ഷിബുമോൻ ജോർജ്, ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പൗളിൻ ജോസഫ്, എച്ച്. ഐ. ദീപ എന്നിവർ സംസാരിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K