14 November, 2023 06:35:06 PM


പുതുപ്പള്ളിയിലെ ലോട്ടറി കച്ചവടക്കാരന്‍റെ മരണം: വയോധികന്‍ അറസ്റ്റിൽ



പുതുപ്പള്ളി: പുതുപ്പള്ളി കവലക്ക്‌ സമീപം ലോട്ടറിക്കച്ചവടം നടത്തിവന്നിരുന്ന മധ്യവയസ്കന്‍റെ മരണവുമായി ബന്ധപ്പെട്ട് ഇയാളുടെ സമീപം വെറ്റിലയും ,പാക്കും കച്ചവടം ചെയ്തു വന്നിരുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. പുതുപ്പള്ളി വാഴക്കുളം അമ്പലത്തിന് സമീപം പണ്ടാരക്കുന്നേൽ വീട്ടിൽ കന്നിട്ട ബാബു എന്ന് വിളിക്കുന്ന പി. കെ കുരുവിള (67) എന്നയാളെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. 

കഴിഞ്ഞദിവസം വൈകിട്ടോകൂടി   പുതുപ്പള്ളിയിൽ പ്രവർത്തിക്കുന്ന പെട്രോൾ പമ്പിന് സമീപം പരിക്ക് പറ്റി കിടന്ന മധ്യവയസ്കനെ ആശുപത്രിയിൽ എത്തിക്കുകയും തുടർന്ന് പരിക്കിന്‍റെ കാഠിന്യത്താൽ  മരണപ്പെടുകയുമായിരുന്നു. പുതുപ്പള്ളി  എള്ളുകാല ഭാഗത്ത് താമസിക്കുന്ന എസ്.സി ഭവൻ വീട്ടിൽ ചന്ദ്രശേഖരൻ റ്റി, എ (71) എന്നയാളാണ് മരണപ്പെട്ടത്.

 കോട്ടയം ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിൽ കുരുവിളയും , ചന്ദ്രശേഖരനും തമ്മിൽ, കുരുവിളക്ക് രണ്ടുമാസം മുൻപ് ലോട്ടറി അടിച്ചതിന് ചിലവ് ചെയ്തില്ല എന്നതിന്‍റെ പേരിൽ ഇവർക്കിടയില്‍ നീരസം നിലനിന്നിരുന്നുവെന്നും ,തുടര്‍ന്ന് കഴിഞ്ഞദിവസം വൈകിട്ട് 06.30 മണിയോടുകൂടി ഇവര്‍ തമ്മിൽ വീണ്ടും ഇതിന്‍റെ പേരില്‍ വാക്കുതര്‍ക്കം  ഉണ്ടാവുകയും, തുടർന്ന് കുരുവിള  ചന്ദ്രശേഖരനെ റോഡിലേക്ക് തള്ളിയിട്ടതിനെത്തുടര്‍ന്ന് വാഹനമിടിച്ച് ഗുരുതരമായി പരിക്കേല്‍ക്കുകയും പിന്നീട് മരണപ്പെടുകയുമായിരുന്നുവെന്നും പോലീസ് കണ്ടെത്തി. തുടര്‍ന്ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോട്ടയം ഈസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ  യു.ശ്രീജിത്തിന്‍റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K