15 November, 2023 06:50:39 PM


മോഷണ കേസിലെ പ്രതി 32 വർഷത്തിനുശേഷം പോലീസിന്‍റെ പിടിയിൽ



കോട്ടയം : മോഷണ  കേസിൽ കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി 32  വർഷത്തോളം  ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ തടത്തിൽ വീട്ടിൽ രാജൻ റ്റി.പി (61) എന്നയാളെയാണ്  ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ഇയാള്‍ 1991 ൽ റബ്ബർ ഷീറ്റ് മോഷ്ടിച്ച കേസിൽ അറസ്റ്റിലാവുകയും പിന്നീട് കോടതി ഇയാൾക്ക് തടവു ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു.  തുടർന്ന് ഇയാൾ വിധിക്കെതിരെ അപ്പീല്‍ കൊടുത്തതിനു ശേഷം ജാമ്യത്തിലിറങ്ങി   ഒളിവിൽ പോവുകയുമായിരുന്നു. തുടർന്ന് കോടതി ഇയാൾക്കെതിരെ വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തു. ഇത്തരത്തിൽ കോടതി ശിക്ഷ വിധിച്ചതിനുശേഷം ഒളിവിൽ കഴിഞ്ഞു വന്നിരുന്ന പ്രതികളെ പിടികൂടുന്നതിന് വേണ്ടി ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ  പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു നടത്തിയ ശക്തമായ തിരച്ചിലിനൊടുവില്‍ ഇയാളെ തൊടുപുഴയില്‍  നിന്നും പിടികൂടുകയായിരുന്നു. മരങ്ങാട്ടുപിള്ളി സ്റ്റേഷൻ  എസ്.എച്ച്.ഓ പ്രിൻസ് തോമസ്, സി.പി.ഓ മാരായ ഷാജി ജോസ്, ജയകുമാർ സി.ജി, ജോസഫ് റ്റി.റ്റി എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K