13 December, 2023 03:44:57 PM


ഗുരുചിത്തിന് സൗജന്യചികിത്സ; ശ്രീദേവിന് വീട്ടിൽ ഫിസിയോ തെറാപ്പി ലഭിക്കും



കോട്ടയം:  പേശികളുടെ ശക്തി കുറഞ്ഞ് ശരീരത്തിന് ബലക്ഷയം സംഭവിക്കുന്ന രോഗത്തിന് അടിമയായ പതിനൊന്നുകാരൻ ഗുരുചിത്തിന് തുടർ ചികിത്സ ഇനി സൗജന്യം. കോട്ടയം തിരുവാതുക്കൽ ചെമ്പക വീട്ടിൽ പി. അജികേഷിന്‍റെയും ധന്യ അജികേഷിന്‍റെയും മകന്‍ ഗുരുചിത്തിനെ വീൽചെയറിലാക്കിയത് എസ്.എം.എ (സ്‌പൈനൽ മസ്‌കുലാർ അട്രോഫി) എന്ന ജനിതക രോഗം. കിളിരൂർ സർക്കാർ എൽ.പി. സ്‌കൂളിൽ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ്. ചികിത്സാ ചെലവുകൾ താങ്ങാനാവാത്ത സ്ഥിതിയിലാണ് മാതാപിതാക്കൾ. ചികിത്സയ്ക്കായി രൂപീകരിച്ച ട്രസ്റ്റ് വഴി ലഭിക്കുന്ന സഹായങ്ങളിലൂടെയാണ് ഇത് വരെ ചികിത്സ നടത്തിയത്.


ഈ രോഗത്തിന് അഞ്ച് വയസ് വരെ സർക്കാരിന്‍റെ എസ്.എം.എ ക്ലിനിക്കുകൾ വഴി മരുന്നുകളും ചികിത്സയും സൗജന്യമായി ലഭിക്കുന്നുണ്ട്. അഞ്ച് വയസിന് മുകളിലുള്ള കുട്ടികൾക്കു കൂടി ഈ സഹായം ലഭ്യമാക്കണമെന്നായിരുന്നു ഗുരുചിത്തിന്‍റെ ആവശ്യം.  നിലവിൽ എട്ട് വയസ് വരെയുള്ള ഇത്തരം രോഗമുള്ള കുട്ടികൾക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്നുണ്ടെന്നും 18 വയസിൽ താഴെയുള്ളവർക്ക് സൗജന്യ ചികിത്സ നൽകാനുള്ള തീരുമാനമെടുക്കാൻ സർക്കാരിനോട് ആവശ്യപ്പെടുമെന്നും ആരോഗ്യ മന്ത്രി വീണ ജോർജ്ജ് ഗുരുചിത്തിന്‍റെ മാതാപിതാക്കൾക്ക് ഉറപ്പ് നൽകി.


കോട്ടയം: സെറിബ്രൽ പാഴ്‌സി രോഗം ബാധിച്ച എസ്. ശ്രീദേവിന് ഇനി വീട്ടിൽ സൗജന്യമായി ഫിസിയോതെറാപ്പി ചികിത്സ ലഭിക്കും. മീനടം ഗ്രാമപഞ്ചായത്ത് നാലാം വാർഡ് ശ്രീമംഗലത്ത് വീട്ടിൽ ശ്രീദേവിന് സൗജന്യമായുള്ള ഫിസിയോ തെറാപ്പി വീട്ടിൽ ചെയ്യുമെന്ന ഉറപ്പ് നൽകിയത് ആരോഗ്യ മന്ത്രി വീണാ ജോർജാണ്. നാല് വർഷത്തോളം കിടപ്പിലായിരുന്ന ശ്രീദേവിന് ഫിസിയോ തെറാപ്പിയിലൂടെയാണ് എഴുന്നേറ്റിരിക്കാൻ സാധിച്ചത്. പതിനെട്ടു വയസുകാരനായ ശ്രീദേവ് കോട്ടയം സി.എം.എസ് കോളേജിൽ ഒന്നാം വർഷ മലയാളം ബിരുദവിദ്യാർത്ഥിയാണ്.


വീട്ടിൽ നിന്നും കോളേജിലേക്കു വാടകയ്ക്ക് കാർ വിളിച്ചു പോകണമെങ്കിൽ ദിവസം 600 രൂപയോളം ചെലവാകും. അച്ഛൻ പി.ആർ സുഗതന് സ്ഥിരവരുമാനം ഉള്ള ജോലിയില്ലാത്തതിനാൽ എന്നും കോളെജിലെത്തുക പ്രയാസമേറിയ കാര്യമാണ്. ഇത് കൂടാതെ ഫിസിയോ തെറാപ്പി ചികിത്സയ്ക്കും നല്ലൊരു തുക ചെലവാകും. പത്താം ക്ലാസ്സിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസും, പ്ലസ്ടുവിന് 87 ശതമാനം മാർക്കും വാങ്ങിയാണ് ശ്രീദേവ് വിജയിച്ചത്. എഴുത്തുകാരൻകൂടിയായ ശ്രീദേവിന്‍റെ ഏഴ് പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K