18 December, 2023 08:44:39 PM


മുക്കുപണ്ടം നൽകി പണം തട്ടാൻ ശ്രമം; കോട്ടയത്ത് മൂന്നുപേർ കൂടി അറസ്റ്റിൽ



കോട്ടയം: മുക്കുപണ്ടം പണയം വെച്ച് പണം തട്ടാൻ ശ്രമിച്ച കേസിൽ മൂന്ന് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് പുതുക്കോട് ഭാഗത്ത്  മാട്ടുവഴി പറക്കുന്നിൽ വീട്ടിൽ ( തൃശ്ശൂർ കൂർക്കഞ്ചേരി ഭാഗത്ത് വാടകയ്ക്ക് താമസം ) അബ്ദുൾസലാം (29), ഇടുക്കി കുട്ടപ്പൻസിറ്റി ഭാഗത്ത് കുന്നത്ത് വീട്ടിൽ അഖിൽബിനു (28), കോതമംഗലം പോത്തനാംകാവും പടി ഭാഗത്ത് പാറേക്കുടിച്ചാലിൽ വീട്ടിൽ ബിജു സി.എ (46) എന്നിവരെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ദിൽജിത്ത്  എന്നയാൾ  ഈ മാസം ഏഴാം തീയതി വൈകിട്ട് 4:00 മണിയോടുകൂടി വേളൂർ മാണിക്കുന്നം ഭാഗത്തുള്ള സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ എത്തി സ്വർണ്ണമെന്ന വ്യാജേനെ മുക്കുപണ്ടം പണയം വെച്ച് പണം തട്ടാൻ ശ്രമിക്കുകയായിരുന്നു.

സംശയം തോന്നിയ സ്ഥാപനഉടമ പോലീസിൽ വിവരമറിയിക്കുകയും കോട്ടയം വെസ്റ്റ് പോലീസ് സ്ഥലത്തെത്തി മുക്കുപണ്ടവുമായി പണമിടപാട് സ്ഥാപനത്തിലെത്തിയ ദിൽജിത്തിനെ പിടികൂടുകയും ചെയ്തിരുന്നു. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ്  ഇയാളുടെ കൂട്ടാളികളായ മറ്റു മൂന്നു പേരെക്കുറിച്ച് പോലീസിന് സൂചന ലഭിക്കുകയും, തുടർന്ന് ഇവരെ വിവിധ സ്ഥലങ്ങളിൽ നിന്നായി പിടികൂടുകയും ചെയ്തത്. ഇവർ സംഘം ചേർന്ന് മുക്കുപണ്ടങ്ങൾ നിർമ്മിച്ച് അത് പണയപ്പെടുത്തി പണം തട്ടിയെടുത്തു വരികയായിരുന്നുവെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.

അബ്ദുൾസലാമിന് പട്ടാമ്പി, ചങ്ങനാശ്ശേരി,തൃക്കൊടിത്താനം, കറുകച്ചാൽ, തൃശ്ശൂർ ഈസ്റ്റ്, ചെങ്ങന്നൂർ എന്നീ സ്റ്റേഷനുകളിലും, അഖിൽ ബിനുവിന് മലയാലപ്പുഴ, ഇടുക്കി, കിളികൊല്ലൂർ,  ഇടുക്കി എന്നീ സ്റ്റേഷനുകളിലും, ബിജുവിന് കനകക്കുന്ന്, തൊടുപുഴ, വിയാപുരം, അമ്പലപ്പുഴ, വെള്ളത്തൂവൽ, ആലുവ, പന്തളം, ചങ്ങനാശേരി,  കുറവിലങ്ങാട് എന്നീ സ്റ്റേഷനുകളിലും നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്. കോട്ടയം വെസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ  പ്രശാന്ത് കുമാർ എസ്.ഐ മാരായ അജ്മൽ ഹുസൈൻ, ജയകുമാർ കെ, രാജേഷ് കെ, സിജു കെ.സൈമൺ, ഷിനോജ് ടി.ആർ, സി.പി.ഓ മാരായ ദിലീപ് വർമ്മ, രാജേഷ് കെ.എം, അരുൺകുമാർ, സിനൂപ്, ഷൈൻ തമ്പി, സുനിൽകുമാർ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ മൂവരേയും റിമാൻഡ് ചെയ്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K