17 January, 2024 06:39:27 PM


ബേക്കർ സ്കൂളിലെ മോഷണം: കൊല്ലം സ്വദേശികള്‍ അറസ്റ്റിൽ



കോട്ടയം: കോട്ടയം  നഗരത്തിലെ ബേക്കർ സ്കൂളിൽ കയറി പണവും, മറ്റ് സാധനങ്ങളും മോഷ്ടിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കിളികൊല്ലൂർ ഭാഗത്ത് തൊടിയിൽ വീട്ടിൽ സുധി സുരേഷ്(54), കൊല്ലം വയലിൽ നഗർ ഭാഗത്ത് രജിത ഭവൻ വീട്ടിൽ വിനോജ്കുമാർ (49) എന്നിവരെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇരുവരും ചേർന്ന് പതിനൊന്നാം തീയതി രാത്രി 11:30 മണിയോടെ   സ്കൂളിന്റെ ഓഫീസ് റൂമിലും, അധ്യാപകരുടെ സ്റ്റാഫ് റൂമിലും, പ്രിൻസിപ്പലിന്റെ റൂമിലെയും താഴുകൾ തകർത്ത് അകത്ത് കയറി  ഇവിടങ്ങളിൽ സൂക്ഷിച്ചിരുന്ന 40,000 രൂപ വില വരുന്ന ഡിജിറ്റൽ ക്യാമറകളും, 44,000 രൂപ വില വരുന്ന ഡിവിആര്‍ ഉം ഹാര്‍ഡ് ഡിസ്കും,  കൂടാതെ അധ്യാപകരുടെ സ്റ്റാഫ് റൂമിൽ വിദ്യാർത്ഥികൾ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ശേഖരിച്ചിരുന്ന നാണയങ്ങളും, കറൻസി നോട്ടുകളും ഉൾപ്പെടെയുള്ള പണവും  മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു. 

പരാതിയെ തുടർന്ന് കോട്ടയം വെസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ ശാസ്ത്രീയമായ പരിശോധനയിലൂടെ  മോഷ്ടാക്കളെ തിരിച്ചറിയുകയും, തുടർന്ന് നടത്തിയ തിരച്ചിലിൽ  ഒളിവില്‍ കഴിഞ്ഞിരുന്ന വിനോജ് കുമാറിനെ  കൊല്ലത്തു നിന്നും, സുധി സുരേഷിനെ വണ്ടിപ്പെരിയാറിൽ നിന്നും പിടികൂടുകയായിരുന്നു. ഇവർ മോഷ്ടിച്ച സി.സി.ടി.വി ക്യാമറകളുടെ ഡിവിആര്‍ ഉം, ഹാർഡ് ഡിസ്കുകളും സമീപത്തുള്ള കിണറ്റിൽ നിന്ന് പോലീസ് കണ്ടെടുക്കുകയും ചെയ്തു. ഇവർ ഇതിന് തൊട്ടുമുമ്പുള്ള ദിവസം കാഞ്ഞിരപ്പള്ളിയിലുള്ള എകെജെഎം ഹൈസ്കൂളിൽ മോഷണം നടത്തിയതായും ഇവര്‍ പോലീസിനോട് പറഞ്ഞു. 

കോട്ടയം വെസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ പ്രശാന്ത് കുമാർ, എസ്.ഐ മാരായ അജ്മൽ ഹുസൈൻ, ജയകുമാർ കെ, സിജു സൈമൺ, അനീഷ് വിജയൻ, ഷിനോജ്, സി.പി.ഓ മാരായ ദിലീപ് വർമ്മ, രാജേഷ് കെ.എം, രതീഷ് കെ. എൻ, ശ്യാം.എസ്.നായർ, സലമോൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. സുധി സുരേഷിന് ഏനാത്ത്,കൊല്ലം ഈസ്റ്റ്, പെരുവന്താനം, കാഞ്ഞിരപ്പള്ളി എന്നീ  സ്റ്റേഷനുകളിലും വിനോജ് കുമാറിന് ഏനാത്ത്,കൊല്ലം ഈസ്റ്റ്,കിളികൊല്ലൂർ,പെരുവന്താനം, കാഞ്ഞിരപ്പള്ളി എന്നീ സ്റ്റേഷനുകളിലും മോഷണ കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K