13 February, 2024 06:58:57 PM


മാലിന്യസംസ്‌കരണത്തിനും പട്ടികജാതി മേഖലക്കും പ്രാധാന്യം നൽകി പള്ളം ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്



കോട്ടയം: പള്ളം ബ്ലോക്ക് പഞ്ചായത്തിൽ 2024- 25 വർഷത്തേക്കുള്ള ബജറ്റ് ബ്ലോക്ക് പഞ്ചായത്ത്  വൈസ് പ്രസിഡന്‍റ് രജനി അനിൽ അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ബജറ്റ് അവതരണത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പ്രൊഫ.ടോമിച്ചൻ ജോസഫ് അധ്യക്ഷനായിരുന്നു. 24.13 കോടി രൂപ വരവും 23.98 കോടി രൂപ ചെലവും 14.92 ലക്ഷം രൂപ മിച്ചവും ആണ് പ്രതീക്ഷിക്കുന്നത്. കാർഷിക മേഖല, കുടിവെള്ളം, തൊഴിൽ സംരംഭങ്ങൾ എന്നീ മേഖലകൾക്ക് ഊന്നൽ നൽകിക്കൊണ്ടുള്ള ബജറ്റാണ് അവതരിപ്പിച്ചത്.  മാലിന്യസംസ്‌കരണം, പട്ടികജാതി മേഖല എന്നിവയ്ക്ക് പ്രാധാന്യം നൽകി തുടർ പദ്ധതികൾ നടപ്പിലാക്കും.

കാർഷിക മേഖലയ്ക്ക് 72 ലക്ഷം, കുടിവെള്ള പദ്ധതികൾക്ക് 76 ലക്ഷം, മാലിന്യസംസ്‌ക്കരണത്തിന് 39 ലക്ഷം,  ലൈഫ് ഉൾപ്പടെ പാർപ്പിട മേഖലയ്ക്ക് 1.8 കോടി, ആരോഗ്യമേഖലയ്ക്ക് 94 ലക്ഷം, പാരമ്പര്യേതര ഊർജ്ജ മേഖലയ്ക്കായി 50 ലക്ഷം, സാമൂഹ്യനീതി, ശിശു സംരക്ഷണം ഉൾപ്പടെയുള്ള മേഖലയായി 93 ലക്ഷം, പട്ടികജാതി മേഖലയ്ക്ക് സേവന മേഖലയിൽ മാത്രമായി 60 ലക്ഷം എന്നിവയാണ് പ്രധാന വകയിരുത്തലുകൾ. ആസ്തി സംരക്ഷണം ആസ്തി നിർമ്മാണം ഉൾപ്പടെ പശ്ചാത്തല മേഖലയിൽ രണ്ടുകോടി രൂപയും വകയിരുത്തിയിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 955