07 January, 2016 04:48:25 PM


അമിതമായി ഉറക്ക‌ഗുളിക കഴിച്ച് അഞ്ച് വിദ്യാര്‍ത്ഥിനികള്‍ ആശുപത്രിയില്‍

കോട്ടയം: അമിതമായി ഉറക്കഗുളിക കഴിച്ച നിലയില്‍ കണ്ടെത്തിയ അഞ്ച്‌ വിദ്യാര്‍ത്ഥിനികളെ കോട്ടയം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴഞ്ചേരി മഹിള മന്ദിരത്തിലെ പ്രായപൂര്‍ത്തിയാകാത്ത അഞ്ച്‌ പെണ്‍കുട്ടികളെയാണ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. 

15 മുതല്‍ 17 വയസു വരെ പ്രായമുള്ള കുട്ടികളാണ്‌ ആശുപത്രിയിലായിരിക്കുന്നത്‌. മേട്രന്‍ വഴക്ക്‌ പറഞ്ഞതാണ്‌ പെണ്‍കുട്ടികള്‍ ആത്മഹത്യശ്രമം നടത്താന്‍ കാരണം.  സ്‌കൂളില്‍ നിന്നും മടങ്ങി വരുന്ന വഴി വിദ്യാര്‍ത്ഥിനികള്‍ ഗുളിക കഴിച്ചിരുന്നതായാണ്‌ വിവരം. 

രണ്ടാഴ്ച മുമ്പ് ഇവരില്‍ രണ്ടുപേരെ കാണാതാവുകയും പിന്നീട് അവരെ അന്വേഷിച്ച് കണ്ടെത്തുകയുമായിരുന്നു. ഈ സംഭവത്തില്‍ മേട്രണ്‍ വഴക്ക് പറഞ്ഞിരുന്നു. 


സ്‌കൂളില്‍ നിന്നും മയങ്ങിവന്ന വിദ്യാര്‍ത്ഥിനികള്‍ ഭക്ഷണം പോലും കഴിക്കാതെ കിടക്കുകയായിരുന്നു. തുടര്‍ന്ന്‌ സംശയം തോന്നി അധികൃതര്‍ വിവരം തിരക്കുകയായിരുന്നു. ഇതോടെ കുട്ടികള്‍ ഉറക്ക ഗുളിക കഴിച്ച വിവരം തുറന്ന്‌ പറഞ്ഞു. തുടര്‍ന്ന്‌ ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവര്‍ അപകടനില തരണം ചെയ്‌തെന്ന്‌ ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K