14 November, 2026 10:21:44 AM


ചേർത്തലയിൽ കെഎസ്ആർടിസി ബസുകളിൽ നിന്ന് ഡീസൽ മോഷണം; 3 ജീവനക്കാർക്ക് സസ്പെൻഷൻ



ചേർത്തല: ആലപ്പുഴ ചേർത്തല കെഎസ്ആർടിസി ഡിപ്പോയിൽ ബസുകളിൽ നിന്ന് ഡീസൽ മോഷ്ടിച്ച് വിറ്റ സംഭവത്തിൽ മൂന്ന് ജീവനക്കാർക്ക് സസ്പെൻഷൻ. മെക്കാനിക്കൽ വിഭാഗത്തിലെ കണ്ണൻ, ശരത്, ജയേഷ് എന്നിവർക്കെതിരെയാണ് നടപടി. സംഭവത്തിൽ അസിസ്റ്റന്റ് ട്രാൻസ്‌പോർട്ട് ഓഫീസർ പൊലീസിൽ പരാതി നൽകി. സർവീസ് കഴിഞ്ഞെത്തുന്ന ബസുകളിൽനിന്ന് ഡീസൽ ചോർത്തി വിൽക്കുന്നതായുള്ള വിവരത്തെത്തുടർന്ന് കെഎസ്ആർടിസി ആഭ്യന്തര അന്വേഷണ വിഭാഗം നടത്തിയ പരിശോധനയിലാണ് മോഷണം കണ്ടെത്തിയത്. ഒളിക്യാമറകൾ സ്ഥാപിച്ച് നടത്തിയ നിരീക്ഷണത്തിലൂടെയാണ് ജീവനക്കാർ പിടിയിലായത്.  

അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥർ സ്വന്തം പണം ചെലവഴിച്ചാണ് ബസുകളിൽ രഹസ്യ ക്യാമറകൾ സ്ഥാപിച്ചത്. ബസുകളുടെ മൈലേജ് കുറഞ്ഞതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഡീസൽ മോഷണത്തിന്റെ വിവരം പുറത്തുവന്നത്. പ്രതിദിനം 10 മുതൽ 25 ലിറ്റർ വരെ ഡീസൽ ബസുകളിൽനിന്ന് ചോർത്തിയിരുന്നതായാണ് കണ്ടെത്തൽ. ദീർഘകാലമായി മോഷണം നടന്നുവരുന്നതായാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. എടിഒ നൽകിയ പരാതിയിൽ ചേർത്തല പൊലീസ് ഉടൻ കേസെടുക്കുമെന്നാണ് വിവരം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 913