11 July, 2024 03:29:44 PM


എട്ടുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നു; പ്രതികളെ മണത്തറിഞ്ഞത് പൊലീസ് നായ, മൂന്നും സ്കൂള്‍ വിദ്യാര്‍ഥികള്‍



തിരുപ്പതി: ആന്ധ്രാപ്രദേശിലെ നന്ദ്യാല ജില്ലയിൽ എട്ടുവയസ്സുകാരിയെ പ്രായപൂർത്തിയാകാത്ത മൂന്ന് ആൺകുട്ടികൾ കൂട്ടബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയതായി മൊഴി നൽകിയെന്ന് പൊലീസ്. 12, 13 വയസ്സുള്ളവരാണ് പൊലീസിനോട് കുറ്റം സമ്മതിച്ചത്. ഇവർ പെൺകുട്ടിയുടെ മൃതദേഹം കനാലിൽ ഉപേക്ഷിച്ചതായി പൊലീസിനോട് പറഞ്ഞു. ആന്ധ്രാ തലസ്ഥാനമായ അമരാവതിയിൽ നിന്ന് 300 കിലോമീറ്റർ അകലെയുള്ള മുച്ചുമാരിയിലാണ് സംഭവം. പെൺകുട്ടിയുടെ മൃതദേഹം ഇതുവരെ കണ്ടെടുത്തിട്ടില്ല. മൃതദേഹത്തിനായി തിരച്ചിൽ ഊർജിതമാക്കി.  ഞായറാഴ്ച മുതൽ മൂന്നാം ക്ലാസ് വിദ്യാർഥിയെ കാണാതായിരുന്നു. തുടർന്ന് പിതാവ് ലോക്കൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

പെൺകുട്ടി മുച്ചുമാരി പാർക്കിൽ കളിക്കുകയായിരുന്നെന്നും പിന്നീട് വീട്ടിലെത്തിയില്ലെന്നും ഇയാൾ പോലീസിനോട് പറഞ്ഞിരുന്നു. പൊലീസ് തിരച്ചിൽ ആരംഭിച്ച് പ്രദേശവാസികളെ ചോദ്യം ചെയ്തെങ്കിലും കണ്ടെത്താനായില്ല. തിരച്ചിലിൽ പൊലീസ് നായ പ്രായപൂർത്തിയാകാത്ത മൂന്ന് ആൺകുട്ടികളുടെ അടുത്തെത്തി. അവരിൽ രണ്ടുപേർ 6-ാം ക്ലാസ് വിദ്യാർത്ഥികളാണ് ഒരാൾ 7-ാം ക്ലാസ് വിദ്യാർഥിയുമാണ്. മൂവരും പെൺകുട്ടി പോയ അതേ സ്കൂളിലെ വിദ്യാർത്ഥികളാണ്. ചോദ്യം ചെയ്യലിൽ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതായി ആൺകുട്ടികൾ സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

പെൺകുട്ടി പാർക്കിൽ കളിക്കുന്നത് കണ്ട് കൂട്ടുകൂടുകയും തുടർന്ന് മുച്ചുമാരി അണക്കെട്ടിന് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി മാറിമാറി ബലാത്സംഗം ചെയ്യുകയുമായിരുന്നുവെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു. പീഡന വിവരം പെൺകുട്ടി മാതാപിതാക്കളോട് പറഞ്ഞാൽ തങ്ങൾക്കു പ്രശ്‌നമുണ്ടാകുമോയെന്ന ആശങ്കയിൽ അവർ അവളെ കൊലപ്പെടുത്തി മൃതദേഹം സമീപത്തെ കനാലിൽ തള്ളിയതായി പൊലീസിനോട് പറഞ്ഞു.  എന്നാൽ, മൃതദേഹം ലഭിച്ചെങ്കിൽ മാത്രമേ സംഭവത്തിന്റെ വിശദാംശങ്ങൾ അറിയാനാകൂവെന്ന് പൊലീസ് വിശദമാക്കി. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K