29 August, 2024 05:18:07 PM
നാഗം
നാഗം
ലോക പ്രാചീന സംസ്കാരങ്ങളിൽ കുറെയേറെ പല രീതിയിൽ നഷ്ടപ്പെട്ടു പോയെങ്കിലും ഭാരത സംസ്കാരം ഇന്നും സുഗമമായി മുന്നോട്ടു നീങ്ങുന്നതായി കാണാം. അപചയങ്ങൾ ഏറെയുണ്ടെങ്കിലും കലിയുഗ ഭീകരതയിൽ മനസമാധാനവും സ്വസ്ഥതയും തകർക്കപെടുന്നുണ്ടെങ്കിലും നമ്മുടെ പൂർവ്വസൂരികളുടെ വരദാനമായി ലഭിച്ച പലതും ഇന്നും നില നിൽക്കുന്നുണ്ട് എന്ന് അഭിമാനിക്കാം. പ്രത്യക്ഷ ദൈവങ്ങളായ നാഗങ്ങളെയും വൃക്ഷങ്ങളെയും ശിലകളെയും എന്നു വേണ്ടാ പ്രകൃതി മുഴുവനായും തന്നെ ആരാധിക്കുകയും ആചാരനുഷ്ഠാനങ്ങൾ മുന്നോട്ടു കൊണ്ടു പോവുകയും ചെയ്യുന്നുണ്ട് ഇന്നും നമ്മൾ. വിഗ്രഹാരാധനയോടൊപ്പം നാഗാരാധനയ്ക്കും വളരെ പ്രാധാന്യം നൽകി പോരുന്നു.
നാഗരാജാവായ ശേഷന്റെ അധീനതയിൽ സർപ്പങ്ങൾ ഭൂമി ഭരിക്കുന്നതായി പറയുന്നു. 'അഹിഭൂമി' എന്ന് കേരളവും സഹ്യാദ്രി - അഥവാ സർപ്പങ്ങൾ നിറഞ്ഞ പർവ്വതം എന്ന് പശ്ചിമ ഘട്ടവും അറിയപ്പെടുന്നു. ആയില്യം സർപ്പങ്ങളുടെ ജന്മനക്ഷത്രമാണ്. കന്നിയിലെ ആയില്യം സർപ്പ രാജാവിന്റെ ജന്മനക്ഷത്രമായതിനാൽ അതിവിപുലമായി ശ്രേഷ്ഠ പൂജ കർമാദികൾ നടക്കുന്നു. അഷ്ടനാഗ പൂജ അഭിവൃദ്ധികരവും അനുഗ്രഹദായകവുമാണ്. ശേഷൻ, വാസുകി, നാഗയക്ഷി നാഗചാമുണ്ഡി കരിനാഗം തുടങ്ങി അനേകം ഭാവങ്ങളിൽ നാം സർപ്പ പൂജ നടത്തുന്നു. ചിത്രകൂട സങ്കല്പത്തിലും നാഗപ്രതിഷ്ഠകളുണ്ട്.
അനന്തൻ, വാസുകി, തക്ഷകൻ, കാർക്കോടകൻ, ശംഖപാലൻ, ഗുളികൻ പത്മൻ, മഹാപത്മൻ എന്നിവയാണ് പ്രാധാന്യമുള്ള അഷ്ടനാഗങ്ങൾ. ഭൂമിയെ താങ്ങി പാതാളത്തിലും വിഷ്ണു തല്പമായി പാലാഴിയിലും സ്ഥിതി ചെയ്യുന്ന കദ്രു പുത്രനായ ശ്രീ അനന്ത മൂർത്തിയെ നമുക്കറിയാമല്ലോ. ആദിയും അന്തവുമില്ലാത്ത പ്രപഞ്ചത്തെ പ്രതിനിധീകരിക്കുന്നതിനാൽ അനന്തനെന്നു വിളിക്കപെടുന്നു. സർവ്വം നശിച്ചാലും ചൈതന്യവാനായി ശേഷിക്കുന്നതിനാൽ ശേഷൻ എന്ന പേരും ഈ മൂർത്തിയ്ക്കുണ്ട്.
വിഷ്ണുവിന്റെ തമോഗുണമേറിയ അനന്ത നാഗം വലിയ സുവർണ പർവ്വതം പോലെ ആയിരം ഫണങ്ങളിൽ ഒരു കിരീടം പോലെ സർവ്വ ലോകങ്ങളെയും താങ്ങി നിൽക്കുന്നു. ഒരു ഫണത്തിൽ നിന്നും മറ്റേതിലേക്ക് ഇതു മാറ്റി വയ്ക്കുമ്പോഴാണ് ഭൂമി കുലുക്കം ഉണ്ടാകുന്നതെന്ന ഒരു വിശ്വാസമുണ്ട്. ലക്ഷ്മണനും ബലരാമനും അനന്താവതാരങ്ങൾ ആണെന്ന് പറയുന്നു.
വാസുകി നാഗത്തിന്റെ കഥ നമുക്കറിയാമല്ലോ. മന്ദര പർവതം കൊണ്ട് പാലാഴി കടഞ്ഞപ്പോൾ മത്തായി ( കയർ) ഉപയോഗിച്ചത് ഈ നാഗരാജനെയാണ്. മാത്രമല്ല സാക്ഷാൽ പരമ ശിവന്റെ കണ്ഠാഭരണവുമാണ്. ദക്ഷിണ ദിക്കു കാക്കുന്ന പത്മൻ, നളചരിതത്തിലെ കാർക്കോടകൻ, പരീക്ഷിത്ത് രാജാവുമായി ബന്ധപ്പെട്ട തക്ഷകൻ തുടങ്ങി വിശിഷ്ട നാഗ നിരകൾ നീളുന്നു. നാഗം, സർപ്പം എന്നിവ ഉരഗ കുലത്തിലെ ശ്രേഷ്ഠ സൃഷ്ടികൾ തന്നെ. ഈ രണ്ടു വേരുകളും ഒരേ അർത്ഥത്തിൽ ഉപയോഗിക്കാറുണ്ട്. എങ്കിലും ദൈവീകതയും ചൈതന്യം കൂടുതൽ നാഗങ്ങൾക്കാണത്രെ. സർപ്പങ്ങളെ പോലെ ഇഴയാതെ അന്തരീക്ഷത്തിൽ സഞ്ചരിക്കുന്നവയാണ് നാഗങ്ങൾ എന്നും പറയപ്പെടുന്നു. സർപ്പങ്ങൾ ശക്തരും അതേസമയം കോവിഷ്ടരും ദർശിക്കാൻ മടിയില്ലാത്തവരുമാണ്. കദ്രു സന്തതികളിൽ ചിലർ ഭൂമിയിൽ വന്നുവെന്നും അവരാണ് ഭൂമിയിലെ സർപ്പങ്ങളെന്നും വിശ്വസിക്കപെടുന്നു.
ചില നാഗങ്ങൾ സ്ത്രീ രൂപമായി മാറി പുരുഷ സംഗത്തിലൂടെ ശിശുക്കളെ പ്രസവിച്ചതായും പറയുന്നുണ്ട്. ഉലൂപി എന്ന നാഗകന്യകയ്ക്ക് അർജുനനിൽ പുത്രനുണ്ടായതും, ജരൽക്കാരു എന്ന മഹർഷിവര്യൻ വാസുകിയുടെ സഹോദരി മാനസയെ വിവാഹം കഴിച്ചതുമായ കഥകൾ നമ്മൾ കേട്ടിട്ടുണ്ടല്ലോ. രാഹു സർപ്പങ്ങളെയും കേതു നാഗങ്ങളെയും പ്രതിനിധീകരിക്കുന്നു. വൈഷ്ണവർ വിഷ്ണു തല്പമായ അനന്തനേയും ശൈവർ ശിവകണ്ഠാഭരണമായ വാസുകിയെയും ആരാധിക്കുന്നു.
സർപ്പങ്ങളെ പൂജിക്കുകയും അനുയോജ്യമായ വാസസ്ഥലം നൽകാമെന്നും പരശുരാമൻ ഉറപ്പു കൊടുക്കുകയും പകരം സർപ്പങ്ങൾ അവയുടെ ഉച്ഛ്വാസവായു കൊണ്ടു ലവണാംശം നശിപ്പിക്കുകയും ചെയ്യുന്നു എന്ന് ഐതീഹ്യം.
മണ്ണാറശാല, പാമ്പുമേയ്ക്കാട് മന, ആമേടെ ആരാധനാലയം, പെരുന്തൽമണ്ണ റൂട്ടിലെ നാഗകന്യാക്ഷേത്രം, തിരുവില്വമലയ്ക്കടുത്ത് പാമ്പാടി പാമ്പും കാവ്, പാലക്കാട് ചേർപ്പുളശേരി പാതിരക്കുന്നത്തു മന നാഗർകോവിൽ നാഗക്ഷേത്രം തുടങ്ങി ഒട്ടനവധി നാഗാരാധനാലയങ്ങളുണ്ട്. ഖാണ്ഡവ വനത്തിലെ തീ പടർന്ന് പരശുരാമൻ പ്രതിഷ്ഠ നടത്തിയ മണ്ണാർശാല നാഗക്ഷേത്രം വരെ തീ പടർന്നപ്പോൾ ഇല്ലത്തമ്മമാർ വെള്ളമൊഴിച്ച് തീ കെടുത്തുകയും മണ്ണിന്റെ ചൂടാറും വരെ നനയ്ക്കൽ തുടരുകയും ചെയ്തു. പിന്നീട് മണ്ണിന്റെ ചൂടാറിയുള്ള സ്ഥലം മണ്ണാർശാലയെന്ന് അറിയപ്പെടുകയും ചെയ്തു. സപ്ത പാതാളങ്ങളിൽ മഹാതലം, പാതാളം എന്നീ തലങ്ങളാണ് നാഗങ്ങൾക്കായി സൃഷ്ടി കർത്താവ് നൽകിയിട്ടുള്ളത്. അനന്തൻ വഹിക്കുന്ന ലോകങ്ങളെ ചിട്ടയോടെ തന്റെ പ്രാണശക്തിയാൽ വാസുകി പരിപാലിക്കുന്നു.
ഇനി ഇതിന്റെ ഒരു ശാസ്ത്രീയ വശം കൂടി ഒന്നു നോക്കാം. മൂലാധാരത്തിലുറങ്ങുന്ന കുണ്ഡലിനീ ശക്തിയെക്കുറിച്ചു നാം കേട്ടിട്ടുണ്ടല്ലോ. കുണ്ഡലിനീ ശക്തി എന്ന ഊർജ്ജ പ്രവാഹം പാമ്പിന്റെ രൂപത്തിലാണ് കാണപ്പെടുക. സാധനയിലൂടെ മൂന്നരയുറ്റഴിച്ചു ഈ നാഗിനി ആറാധാരങ്ങളും ഭേദിച്ച് സാക്ഷത്കാരത്തിലെത്തുന്നു. ഇരു ഗുരുമുഖത്തിലൂടെ വളരെ ശ്രദ്ധിച്ചു മാത്രം ചെയ്യേണ്ട ക്രിയയാണ്. ശരിയായ രൂപത്തിലല്ലെങ്കിൽ ആപൽകരവുമാണ്. അറിഞ്ഞോ അറിയാതെയോ ഈ അതിശക്തിയുള്ള ഊർജധാരയെ തന്നെയല്ലേ നാം നാഗ രൂപത്തിൽ വിഗ്രഹാരാധന നടത്തുന്നത്.
കഴിയും പോലെ നാഗാരാധനയും വഴിപാടുകളും ചെയ്ത് വിശ്വസിച്ചു പ്രാർത്ഥിച്ചാൽ സങ്കടമോചനം, ആയുരാരോഗ്യം, സന്താന ഭാഗ്യം, സമ്പൽ സമൃദ്ധി എന്നിവ ഫലം. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പരസ്പര സഹോദര്യത്തിന്റെയും സൗഹൃദത്തിന്റെയും അപൂർവ ബന്ധങ്ങളെത്ര കാവുകൾ. സർപ്പംപാട്ട്, പുള്ളുവൻ പാട്ട്, നൂറും പാലും പുറ്റും മുട്ടയും സമർപ്പണം, മഞ്ഞളഭിഷേകം തുടങ്ങി അനേകം വഴിപാടുകളുണ്ട്. സ്നേഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്താൽ പൂർണ്ണഫലം കിട്ടുമെന്ന കാര്യത്തിൽ സംശയം വേണ്ട.
നാഗദേവതകളുടെ അനുഗ്രഹവും കരുതലും കാവലും ഊർജവുമൊക്കെ എല്ലാ വിശ്വാസികൾക്കും ലഭിക്കട്ടെ...
ശശികല മേനോൻ ✍️




