22 October, 2024 03:50:11 PM
ഭര്‍ത്താവിന്‍റെ ദീര്‍ഘായുസിന് വേണ്ടി വ്രതമെടുത്തു; ശേഷം വിഷം കൊടുത്ത് കൊന്ന് ഭാര്യ
ലക്‌നൗ: ഭര്‍ത്താവിന്റെ നന്മയ്ക്കും ദീര്‍ഘായുസിനും വേണ്ടി വ്രതമെടുത്ത ശേഷം ഭര്‍ത്താവിനെ വിഷം കൊടുത്ത് കൊന്ന് ഭാര്യ. ഉത്തര്‍പ്രദേശിലെ കൗസുംബി ജില്ലയിലെ കാഡ ധാം പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. ശൈലേഷ് കുമാര്‍ എന്നയാളെയാണ് ഭാര്യ സവിത കൊലപ്പെടുത്തിയത്.
ഉത്തര്‍പ്രദേശില്‍ കര്‍വ ചൗത്ത് ആഘോഷം നടക്കുകയാണ്. ഭര്‍ത്താവിന്റെ ദീര്‍ഘായുസിന് വേണ്ടി ഭാര്യമാര്‍ വ്രതമനുഷ്ഠിക്കുന്ന ചടങ്ങാണിത്. ഞായറാഴ്ച സവിതയും വ്രതമനുഷ്ഠിച്ചു. ഭര്‍ത്താവിന് വേണ്ടി പ്രത്യേകം പ്രാര്‍ത്ഥനകള്‍ നടത്തി. ശൈലേഷും സവിതയ്ക്ക് വേണ്ടി പൂജകള്‍ നടത്തി. നിരാഹാര വ്രതത്തിന് ശേഷം സവിതയും ശൈലേഷും തമ്മില്‍ തര്‍ക്കമുണ്ടായി. ശൈലേഷിന് മറ്റൊരു യുവതിയുമായി അടുപ്പമുണ്ടെന്നാരോപിച്ച് സവിതയാണ് തര്‍ക്കത്തിന് തുടക്കമിച്ചത്. പിന്നീട് ഇരുവരും തമ്മിലുള്ള പ്രശ്‌നം ഇവര്‍ തന്നെ പറഞ്ഞ് പരിഹരിക്കുകയും ചെയ്തു. എന്നാല്‍ ഭക്ഷണം കഴിച്ചതിന് ശേഷം സവിത വീട് വിട്ട് പോകുകയായിരുന്നു.
ഏറെ നേരം കഴിഞ്ഞിട്ടും ശൈലേഷിനെ വീടിന് പുറത്തുകണ്ടില്ല. തുടർന്ന് സഹോദരൻ വീട്ടിൽ അന്വേഷിച്ച് എത്തുകയായിരുന്നു. ഈ സമയം വീടിനുള്ളില്‍ അവശനിലയില്‍ കിടക്കുകയായിരുന്നു ശൈലേഷ്. തുടര്‍ന്ന് സഹോദരനും മറ്റ് ബന്ധുക്കളും ചേർന്ന് ശൈലേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയ്ക്കിടെ ശൈലേഷ് മരിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ സവിതയാണ് കൊല നടത്തിയതെന്ന് വ്യക്തമായി. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ സവിത കുറ്റം സമ്മതിക്കുകയായിരുന്നു.
ശൈലേഷുമായി തര്‍ക്കമുണ്ടായതിന് പിന്നാലെ സവിത ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കുകയായിരുന്നുവെന്ന് കൗശാംഭി പൊലീസ് സൂപ്രണ്ട് ബ്രിജേഷ് കുമാര്‍ ശ്രീവാസ്തവ പറഞ്ഞു. സവിതയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ടെന്നും പൊലീസ് സൂപ്രണ്ട് വ്യക്തമാക്കി.