28 April, 2025 07:00:11 PM


'എന്‍റെ കേരളം': കോട്ടയത്ത് പ്രദര്‍ശന വിപണന മേള ഇനി രണ്ടുനാള്‍ കൂടി



കോട്ടയം: സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന എന്‍റെ കേരളം പ്രദര്‍ശന വിപണനമേള ഇനി രണ്ടുനാള്‍ കൂടി. സര്‍ക്കാരിന്റെ കഴിഞ്ഞ ഒമ്പതുവര്‍ഷത്തെ വികസനക്ഷേമ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് നേരിട്ട് അറിയിക്കുന്നതിനായാണ് അറിയാന്‍ അവസരമൊരുക്കിയാണ് 'എന്‍റെ കേരളം' പ്രദര്‍ശന വിപണനമേള നടക്കുന്നത്.

സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ നേട്ടങ്ങള്‍ അവതരിപ്പിക്കുകയും ജനങ്ങള്‍ക്കുള്ള സേവനങ്ങള്‍ പ്രദാനം ചെയ്യുകയും ചെയ്ത തീം സ്റ്റാളുകള്‍, വിപണന സ്റ്റാളുകള്‍, ഭക്ഷ്യമേള, എല്ലാ വിഭാഗം ആളുകളെയും ആകര്‍ഷിച്ച കലാപരിപാടികള്‍, സമകാലിക വിഷയങ്ങള്‍ ചര്‍ച്ചയ്‌ക്കെടുത്ത സംഗമങ്ങള്‍ എന്നിവ അണിനിരത്തിയ മേള ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. ഏപ്രില്‍ 24 ന് തുടങ്ങിയ മേള 30 ന് അവസാനിക്കും. 

രാവിലെ 9.30 മുതല്‍ വൈകീട്ട് 9.30 വരെയാണ് മേള. പ്രവേശനം സൗജന്യമാണ്. ഏഴ് ദിവസം നീണ്ടുനില്‍ക്കുന്ന മേളയുടെ ഭാഗമായി 69000ചതുരശ്ര അടിയില്‍ വിപുലമായ പന്തലാണ് ഒരുക്കിയിരിക്കുന്നത്. ഏപ്രില്‍ 29ന് വൈകിട്ട് 6.30ന് വൈക്കം മാളവിക അവതരിപ്പിക്കുന്ന നാടകം 'ജീവിതത്തിന് ഒരു ആമുഖം' എന്നിവ നടക്കും. ഏപ്രില്‍ 30ന് വൈകിട്ട് അഞ്ചിന് പ്രണവം ശശിയും സംഘവും അവതരിപ്പിക്കുന്ന നാടന്‍പാട്ടും ദൃശ്യാവിഷ്‌കാരവും നടക്കും. വൈകിട്ട് 7.30ന് സൂരജ് സന്തോഷ് ബാന്‍ഡ് അവതരിപ്പിക്കുന്ന ലൈവ് മ്യൂസിക് ഷോയോടെ മേളയ്ക്കു കൊടിയിറങ്ങും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K