13 May, 2025 10:56:30 AM


അമൃത്സറില്‍ വിഷമദ്യ ദുരന്തത്തില്‍ 14 മരണം; ആറ് പേരുടെ നില ഗുരുതരം



ചണ്ഡീഗഡ്: പഞ്ചാബിലെ അമൃത്സറിൽ ഉണ്ടായ വ്യാജ മദ്യദുരന്തത്തിൽ 14 പേർ മരിച്ചു. ആറ് പേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. അമൃത്സറിലെ മജിട്ട മണ്ഡലത്തിൽ ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. ഭംഗാലി, പതൽപുരി, മാരാരി കലൻ, തെരേവാൾ, തൽവണ്ടി ഗുമാൻ എന്നീ അഞ്ച് ഗ്രാമങ്ങളിലുള്ളവരാണ് വ്യാജമദ്യം കഴിച്ചത്.

സംഭവത്തില്‍ വിതരണക്കാരന്‍ പ്രഭ്ജീത് സിംഗിനെ അറസ്റ്റ് ചെയ്തതായും ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നും മൊത്ത വിതരണക്കാരനെക്കുറിച്ചും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇയാള്‍ക്കായും വ്യാജമദ്യത്തിന്റെ ഉറവിടം കേന്ദ്രീകരിച്ചും അന്വേഷണം ഊര്‍ജ്ജിതമാക്കിയെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ അഞ്ച് പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവർക്കെതിരെ ഭാരതീയ ന്യായ സംഹിത, എക്സൈസ് ആക്ട് എന്നിവ പ്രകാരം കേസെടുത്തിട്ടുണ്ട്.

പ്രാദേശിക ഇഷ്ടിക ചൂളകളിൽ തൊഴിലാളികളായി ജോലി ചെയ്തിരുന്നവരാണ് മരണപ്പെട്ടതെന്നാണ് വിവരം. അമൃത്സർ ഡെപ്യൂട്ടി കമ്മീഷണർ സാക്ഷി സാവ്‌നി 14 പേരുടെ മരണം സ്ഥിരീകരിച്ചു. സീനിയർ പോലീസ് സൂപ്രണ്ട് മനീന്ദർ സിംഗ് സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ഭുള്ളർ, തൻഗ്ര, സന്ധ എന്നീ സമീപ ഗ്രാമങ്ങളിലുള്ളവരും വ്യജ മദ്യം കഴിച്ചതായാണ് വിവരം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K