13 May, 2025 11:02:38 AM
സേലത്ത് ദമ്പതികളെ കൊലപ്പെടുത്തി സ്വർണം കവർന്നു: ബിഹാർ സ്വദേശി അറസ്റ്റിൽ

സേലം: സേലം ജഗീരമ്മ പാളയത്ത് വ്യാപാരികളായ ദമ്പതികളെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ. ജഗീരമ്മ പാളയം സ്വദേശികളായ ഭാസ്കരൻ, ഭാര്യ ദിവ്യ എന്നിവരെയാണ് ബിഹാർ സ്വദേശി സുനിൽ കുമാർ അതിക്രൂരമായി തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. ശൂരമംഗലം പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെയായിരുന്നു സംഭവം.
സാധനങ്ങൾ വാങ്ങാനെന്ന വ്യാജേനയാണ് സുനിൽ കുമാർ കടയിൽ എത്തിയത്. ദിവ്യയെ കണ്ടയുടൻ ഇയാൾ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ദിവ്യയുടെ നിലവിളികേട്ട് ഓടിയെത്തിയ ഭാസ്കരനേയും സുനിൽ കുമാർ തലയ്ക്കടിച്ച് വീഴ്ത്തി. മരിക്കുന്നത് വരെ ഇരുവരെയും ചുറ്റിക കൊണ്ട് ആക്രമിച്ചുവെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. ദിവ്യയുടെ ദേഹത്തുണ്ടായിരുന്ന സ്വർണങ്ങളുള്‍പ്പടെ എടുത്താണ് പ്രതി മുങ്ങിയത്.
ഇതിന് പുറമേ കടയോട് ചേർന്നുള്ള ഇവരുടെ വീട് കുത്തിത്തുറന്ന് അവിടെയുണ്ടായിരുന്ന ആഭരണങ്ങളും സുനിൽകുമാർ മോഷ്ടിച്ചു. കടയിൽ സാധനം വാങ്ങാനെത്തിയവരാണ് ഭാസ്കരന്റെയും ദിവ്യയുടെയും മൃതദേഹം കണ്ടത്. ഉടൻ തന്നെ ശൂരമംഗലം പൊലീസ് ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്യാംപിലെത്തി ചോദ്യം ചെയ്തപ്പോഴാണ് പ്രതിയെക്കുറിച്ചു സൂചന ലഭിച്ചത്. ഇതര സംസ്ഥാന തൊഴിലാളികളുടെ മറ്റൊരു ക്യാംപിൽ നിന്നാണു സുനിൽകുമാറിനെ അറസ്റ്റ് ചെയ്തത്.