14 May, 2025 04:31:18 PM
താമരശ്ശേരിയിൽ ലഹരിക്കടിമയായ ഭർത്താവ് ക്രൂരമായി മർദിച്ചു; അർധരാത്രി വീടുവിട്ടോടി യുവതിയും മകളും

കോഴിക്കോട്: താമരശ്ശേരിയില്‍ ലഹരിക്ക് അടിമയായ ഭർത്താവ് ക്രൂരമായി മർദിച്ചെന്ന് യുവതിയുടെ പരാതി. അര്‍ധരാത്രി വീടുവിട്ട് ഓടിയ യുവതിയെയും മകളെയും നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചു. താമരശ്ശേരി അമ്പായത്തോട് പനംതോട്ടത്തില്‍ നസ്ജയും മക്കളുമാണ് ഭര്‍ത്താവ് നൗഷാദിന്റെ ക്രൂരമായ ആക്രമണങ്ങള്‍ക്ക് ഇരയായത്.
മയക്കുമരുന്ന് ലഹരിയില്‍ വീടിനുള്ളില്‍വെച്ച് തലയ്ക്കും ദേഹത്തും ക്രൂരമായി മര്‍ദ്ദിച്ചതിന് ശേഷം വെട്ടിക്കൊല്ലുമെന്ന് പറഞ്ഞ് കൊടുവാളുമായി വീടിനു ചുറ്റും ഓടിച്ചതായി യുവതി പറഞ്ഞു. അക്രമം തടയാന്‍ ശ്രമിക്കുന്നതിനിടെ എട്ടു വയസ്സുകാരിയായ മകള്‍ക്കും മാതൃമാതാവിനും പരിക്കേറ്റു. രാത്രി 10 മണിക്ക് ആരംഭിച്ച മര്‍ദനം രണ്ടു മണിക്കൂറോളം തുടര്‍ന്നതോടെയാണ് നസ്ജ കുഞ്ഞുമായി വീടുവിട്ടോടിയത്.
മകളെ തേനീച്ച കുത്തിയതിനെ തുടര്‍ന്ന് നാലുദിവസമായി യുവതിയും മകളും മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഡിസ്ചാര്‍ജ് ചെയ്ത് ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് വീട്ടില്‍ തിരിച്ചെത്തിയത്. തന്റെ വല്യുമ്മയും കൂടെയുണ്ടായിരുന്നതായി യുവതി പറഞ്ഞു. വര്‍ഷങ്ങളായി ഭര്‍ത്താവിന്റെ പീഡനം തുടരുന്നുണ്ടെങ്കിലും ഇത്തവണ കൊലപ്പെടുത്താന്‍ ശ്രമം ഉണ്ടായതോടെയാണ് പ്രാണരക്ഷാര്‍ത്ഥം റോഡിലേക്ക് ഇറങ്ങി ഓടിയതെന്ന് യുവതി പറയുന്നു.
ഇനിയും പിന്തുടര്‍ന്ന് വന്നാല്‍ ഏതെങ്കിലും വാഹനത്തിനു മുന്നില്‍ ചാടി ജീവനൊടുക്കുമായിരുന്നെന്നും നസ്ജ പറഞ്ഞു. നസ്ജയും, മകളും, വല്ല്യുമ്മ സുബൈദയും താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. നൗഷാദ് ലഹരിക്കടിമയാണെന്നും വീട്ടില്‍ നിരന്തരം പ്രശ്ങ്ങള്‍ ഉണ്ടാക്കുന്ന ആളാണെന്നും നാട്ടുകാര്‍ പറയുന്നു.