15 May, 2025 02:38:26 PM
നെടുമ്പാശ്ശേരിയിൽ യുവാവിനെ കാറിടിച്ച് കൊന്ന കേസ്; സിഐഎസ്എഫ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

കൊച്ചി: നെടുമ്പാശ്ശേരിയിൽ യുവാവിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതികളായ സിഐഎസ്എഫ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. സിഐഎസ്എഫ് എസ് ഐ വിനയകുമാര്‍, കോണ്‍സ്റ്റബിള്‍ മോഹന്‍ എന്നിവർക്കാണ് സസ്‌പെൻഷൻ. ആഭ്യന്തര അന്വേഷണത്തിനും സിഐഎസ്എഫ് ഡിഐജി നിർദ്ദേശം നൽകി.
എസ് ഐ വിനയകുമാറാണ് അപകടകരമായ രീതിയില്‍ വാഹനമോടിച്ചത്. തുറവൂര്‍ സ്വദേശി ഐവിന്‍ ജിജോ (24)യെ ഒരു കിലോമീറ്ററോളം ആണ് ബോണറ്റില്‍ ഇട്ട് വാഹനം ഓടിച്ചത്. വാഹനത്തിന് സൈഡ് നല്‍കാത്തതിലെ തര്‍ക്കത്തെ തുടര്‍ന്നായിരുന്നു ദാരുണകൊലപാതകം. ഇന്നലെ രാത്രി 11 മണിയോടെ നായത്തോട് വെച്ചാണ് സംഭവം.
ഐവിന്‍ ഓടിച്ച കാറിന് വിനയകുമാര്‍ സൈഡ് നല്‍കിയിരുന്നില്ല. നായത്തോട് ഭാഗത്തെത്തിയപ്പോള്‍ സൈഡ് നല്‍കാത്തത് ഐവിന്‍ ചോദ്യം ചെയ്തു. ഇതില്‍ പ്രകോപിതനായ വിനയകുമാര്‍ ഐവിന്‍ ജിജോയെ ബോണറ്റിലിട്ട് ഒരു കിലോമീറ്ററോളം വാഹനമോടിക്കുകയായിരുന്നു. തുടര്‍ന്ന് വാഹനത്തിന്റെ ബോണറ്റില്‍ നിന്ന് ജിജോ വീഴുകയായിരുന്നു. പരിക്കേറ്റ ജിജോയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു.