16 May, 2025 09:03:36 AM


പ്രായമായ മുത്തശ്ശിയെ നോക്കുന്നത് ബാധ്യതയായി തോന്നി; വയോധികയെ ക്രൂരമായി മര്‍ദിച്ച് ചെറുമകന്‍



കണ്ണൂര്‍: പയ്യന്നൂരില്‍ വയോധികയ്ക്ക് ചെറുമകന്റെ ക്രൂരമര്‍ദനം. കണ്ടങ്കാളി സ്വദേശി കാര്‍ത്ത്യായനിയെയാണ് കൊച്ചുമകന്‍ റിജു ക്രൂരമായി മര്‍ദിച്ചത്. ലിജുവിനെതിരെ പയ്യന്നൂര്‍ പൊലീസ് കേസെടുത്തു. 88 വയസുള്ള, വാര്‍ധക്യസഹജമായ അസുഖങ്ങളുള്ള മുത്തശ്ശി ഒപ്പം താമസിക്കുന്നതിലെ വിരോധമാണ് മര്‍ദനത്തിന് പിന്നിലെന്നാണ് പൊലീസ് എഫ്‌ഐആര്‍.

വയോധികയ്ക്ക് തലയ്ക്കും കാലിനുമുള്‍പ്പെടെ ഗുരുതരമായി പരുക്കേറ്റു. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. സ്വത്ത് ഭാഗം വച്ചതിന് ശേഷം റിജുവിന്റെ മാതാവിനാണ് തറവാട് വീട് ലഭിച്ചത്. മുത്തശ്ശിയെ നോക്കുന്നത് ഒരു ബാധ്യതയായി റിജുവിന് തോന്നിയതിനാലാണ് ആക്രമണമെന്ന് പൊലീസ് പറഞ്ഞു.

മുന്‍പും ഇയാള്‍ മുത്തശ്ശിയോട് പ്രശ്‌നമുണ്ടാക്കിയിരുന്നതായി പൊലീസ് പറയുന്നു. പിന്നീട് ബന്ധുക്കള്‍ ഇടപെട്ട് വയോധികയെ നോക്കാന്‍ ഒരു ഹോം നേഴ്‌സിനെ ഏര്‍പ്പാടാക്കി. കഴിഞ്ഞ ദിവസം രാവിലെ ഹോം നഴ്‌സ് വന്നപ്പോഴാണ് വയോധികയുടെ ശരീരത്തില്‍ പരുക്കുകള്‍ കണ്ടത്. മര്‍ദന വിവരം മനസിലാക്കിയ അവര്‍ ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K