16 May, 2025 04:07:45 PM


48 മണിക്കൂറിനിടെ രണ്ട് ഓപ്പറേഷനുകള്‍; ജമ്മു കശ്മീരില്‍ 6 ഭീകരരെ വധിച്ചെന്ന് സുരക്ഷാസേന



ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ ത്രാലില്‍ രണ്ടാം ഓപ്പറേഷന്‍ നടന്നുവെന്ന് സൈന്യം. ത്രാല്‍ ഗ്രാമത്തിലായിരുന്നു ഭീകരരുണ്ടായിരുന്നതെന്നും കഴിഞ്ഞ മൂന്ന് ദിവസത്തിനുളളില്‍ ആറ് ഭീകരരെ വധിച്ചുവെന്നും സൈന്യം വ്യക്തമാക്കി. ശ്രീനഗറില്‍ വിളിച്ചുചേർത്ത വാര്‍ത്താസമ്മേളനത്തിലാണ് സൈന്യം ഇക്കാര്യം അറിയിച്ചത്.

'48 മണിക്കൂറില്‍ രണ്ട് ഓപ്പറേഷനുകള്‍ നടന്നു. ഷോപ്പിയാനിലും പുല്‍വാമയിലുമാണ് ഭീകരരുമായി ഏറ്റുമുട്ടല്‍ നടന്നത്. പുല്‍വാമയിലെ ത്രാലിലാണ് ഏറ്റുമുട്ടലുണ്ടായത്. ഷോപ്പിയാനില്‍ വനത്തിനുളളിലായിരുന്നു ഏറ്റുമുട്ടലെങ്കില്‍ ത്രാലില്‍ ഗ്രാമത്തിലായിരുന്നു. ഭീകരര്‍ വീടുകളില്‍ കയറി ഒളിച്ചു. അവിടെനിന്ന് അവരെ ഒഴിപ്പിച്ച ശേഷം ദൗത്യം വിജയകരമാക്കി'-സൈന്യം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഷഹിദ് കൂട്ടെ ഉള്‍പ്പെടെയുളള ഭീകരരെയാണ് ഓപ്പറേഷനില്‍ വധിച്ചതെന്നും സൈന്യം വ്യക്തമാക്കി. ലഷ്‌കര്‍ ഇ തൊയ്ബയുടെ ഭാഗമായുളള ടിആര്‍എഫിന്റെ പ്രധാന കമാന്‍ഡറാണ് ഷാഹിദ് കൂട്ടെ. ഷാഹിദിനെ വധിക്കാനായത് വലിയ നേട്ടമാണെന്ന് സൈന്യം പറഞ്ഞു. അതിര്‍ത്തി കടക്കാതെയാണ് ഇന്ത്യന്‍ സൈന്യം പാകിസ്താന് മറുപടി നല്‍കിയത്. പുതിയ ഇന്ത്യ എന്ന സന്ദേശം കൂടിയാണ് ഓപ്പറേഷന്‍ സിന്ദൂര്‍ നല്‍കിയത്. തദ്ദേശിയമായി നിര്‍മ്മിച്ച മിസൈലുകളാണ് ഇന്ത്യ പ്രതിരോധത്തിനായി ഉപയോഗിച്ചത്. ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനത്തിനു മുന്നില്‍ ശത്രുക്കള്‍ നിഷ്പ്രഭരായെന്നും സൈന്യം അറിയിച്ചു.

ആകാശ് വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ഇരുട്ടിന്റെ മറവില്‍ പാകിസ്താന്‍ നടത്തിയ നീക്കങ്ങളെല്ലാം തകര്‍ത്തുവെന്നും പാകിസ്താന്‍ ഭീകരതയ്ക്ക് സഹായം നല്‍കിയത് ലോകത്തിന് ബോധ്യമായി. ഐഎംഎഫ് നല്‍കിയ സഹായം പുനപരിശോധിക്കണമെന്നും സൈന്യം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K