21 July, 2025 10:07:47 AM


അതുല്യയുടെ മൃതദേഹം റീ പോസ്റ്റ്മോര്‍ട്ടം ചെയ്യും: സതീഷിനായി ലുക്കൗട്ട് നോട്ടീസ് ഇറക്കും



കൊല്ലം: ഷാർജയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശിനി അതുല്യയുടെ മൃതദേഹം റീ പോസ്റ്റ്മോർട്ടം ചെയ്യും. കേരളത്തിൽ എത്തിച്ച ശേഷമായിരിക്കും പോസ്റ്റ്മോർട്ടം. ഭർത്താവ് സതീഷിനായി ലുക്കൗട്ട് നോട്ടീസ് ഇറക്കും. ഇയാളെ നാട്ടിലെത്തിക്കാനാണ് ശ്രമം. പാസ്പോർട്ട്‌ ഷാർജ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അന്വേഷണ സംഘത്തിന്റെ പ്രത്യേക യോഗം ഇന്ന് ചേരും.

അതുല്യയുടെ മരണം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ കഴിഞ്ഞ ദിവസം ചുമതലപ്പെടുത്തിയിരുന്നു. ഇൻസ്പെക്ടർ എസ് ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് അന്വേഷണം നടത്തുന്നത്. ശനിയാഴ്ച രാവിലെയായിരുന്നു തേവലക്കര തെക്കുഭാഗം സ്വദേശി അതുല്യ ശേഖറി(30)നെ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 

ഷാർജ റോളപാർക്കിന് സമീപത്തെ ഫ്‌ളാറ്റിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടത്. അതുല്യ പുതിയ ജോലിയിൽ പ്രവേശിക്കാനിരിക്കുകയായിരുന്നു. ദുബായിൽ കോൺട്രാക്ടിങ് സ്ഥാപനത്തിൽ എൻജിനീയറായി ജോലി ചെയ്യുകയാണ് ഭർത്താവ് സതീഷ്.

മരണത്തിൽ ഷാർജ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ ഭർത്താവ് സതീഷിനെതിരെ വിവിധ വകുപ്പുകൾ ചുമത്തി ചവറ തെക്കുഭാഗം പൊലീസ് കേസെടുത്തിരുന്നു. കൊലപാതകക്കുറ്റം, സ്ത്രീധന നിരോധന നിയമം, ആത്മഹത്യാപ്രേരണക്കുറ്റം തുടങ്ങി വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. അമ്മയുടെയും അച്ഛന്റെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

'ഒരു അടിമയെ പോലെയാണ് അവന്‍ ഭാര്യയെ കണ്ടത്. ജോലിക്ക് പോകുമ്പോള്‍ മൂന്നുനേരത്തെ ഭക്ഷണവും തയ്യാറാക്കികൊടുക്കണം. അവന്റെ ഷൂലേസ് വരെ കെട്ടികൊടുക്കണം. ഉപയോഗിച്ച കര്‍ച്ചീഫ് കഴുകിയില്ലെന്ന് പറഞ്ഞ്, അത് തറയിലിട്ടശേഷം അവളുടെ മുഖത്ത് വെച്ച് തുടച്ച സംഭവമുണ്ടായി. അടിവസ്ത്രം ഊരി അവളുടെ മുഖത്താണ് എറിയുന്നത്. ഷൂലേസ് വരെ അവള്‍ കെട്ടികൊടുത്താലേ അവന്‍ പുറത്തിറങ്ങുകയുള്ളൂ. കഴിഞ്ഞതവണ അവള്‍ നാട്ടിലേക്ക് വരുന്നതിന് മുന്‍പ് കര്‍ച്ചീഫ് കഴുകിയില്ലെന്ന് പറഞ്ഞ് പൊതിരെതല്ലി. എന്നിട്ട് കര്‍ച്ചീഫ് കൊണ്ട് അടുക്കളയും കുളിമുറിയും തുടച്ചിട്ട് അവളുടെ മുഖത്തേക്കിട്ടു. ഇതാണ് നിനക്കുള്ള ശിക്ഷ എന്നുപറഞ്ഞായിരുന്നു ഈ ഉപദ്രവം'- സുഹൃത്ത് മാധ്യമങ്ങളോട് പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K