25 July, 2025 10:33:30 AM
ഗോവിന്ദച്ചാമി രക്ഷപ്പെട്ടത് സെല്ലിന്റെ കമ്പിമുറിച്ച്; വസ്ത്രങ്ങള്‍ കൂട്ടിക്കെട്ടി വടം വഴി മതില്‍ച്ചാടി

കണ്ണൂർ: സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടിയത് തുണി കൊണ്ട് വടം കെട്ടിയാണെന്ന് സ്ഥിരീകരിച്ച് പോലീസ്. സംഭവത്തിൽ ഉന്നത ഉദ്യോഗസ്ഥർ അടക്കം കണ്ണൂർ സെൻട്രൽ ജയിൽ എത്തി പരിശോധന നടത്തും. ജയിൽ അധികൃതരുടെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്. രാവിലെ ഉദ്യോഗസ്ഥർ സെൽ തുറന്ന് പരിശോധിച്ചപ്പോഴാണ് ഇയാൾ രക്ഷപ്പെട്ട വിവരം അറിയുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ പ്രതിയെ ജയിലിൽ സന്ദർശിക്കാൻ എത്തിയവരുടെ വിവരങ്ങൾ പോലീസ് ശേഖരിക്കുന്നുണ്ട്.
ശാരീരിക വൈകല്യമുള്ള പ്രതിക്ക് ഒറ്റയ്ക്ക് സെല്ലിന്റെ അഴികൾ മുറിച്ച് മാറ്റി 7 മീറ്റർ ഉയരമുള്ള മതിൽ ചാടി കടക്കാൻ സാധിക്കുമോ എന്നത് പരിശോധിക്കും. പ്രതിക്ക് രക്ഷപെടാൻ മറ്റ് സഹതടവുകാരിൽ നിന്ന് സഹായം ലഭിച്ചിട്ടുണ്ടോയെന്നതടക്കം പോലീസ് അന്വേഷിക്കുന്നുണ്ട്.
സെല്ലിനകത്ത് ഇയാൾ ഒറ്റയ്ക്കായിരുന്നു. സെല്ലിന്റെ അഴികൾ മുറിച്ചുമാറ്റിയാണ് ഇയാൾ പുറത്തെത്തിയത്. തുടർന്ന് പുലർച്ചെ 1.15ഓടെ ഗോവിന്ദച്ചാമി ജയിൽ ചാടിയതായാണ് സൂചന. കൈവശം ഉണ്ടായിരുന്ന തുണി ഉപയോഗിച്ച് മതിലിന്റെ അടുത്തേക്കു പോയി. തുടർന്ന് മതിലിലെ ഫെൻസിങ്ങിനു മുകളിലേക്ക് എറിഞ്ഞു പിടിച്ച് കയറുകയായിരുന്നു.
അതേസമയം, സംസ്ഥാന വ്യാപകമായി ഗോവിന്ദച്ചാമിക്കു വേണ്ടി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വൈകുന്നേരം 5 മണിയോടെയാണ് ജയിൽ അധികൃതർ പ്രതികളെ അകത്തു കയറ്റുന്നത്. സെല്ലിനകത്ത് ഗോവിന്ദച്ചാമി ഇല്ലെന്ന വിവരം രാവിലെ 7 മണിയോടെയാണ് സ്ഥിരീകരിച്ചത്.
ട്രെയിന്‍, റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് ശക്തമായ അന്വേഷണമാണ് നടക്കുന്നത്. അതീവ സുരക്ഷാ ജയില്‍ ഉള്ള പത്താം ബ്ലോക്കില്‍ നിന്നാണ് ഗോവിന്ദച്ചാമി ചാടി പ്പോയത്.ജയില്‍ച്ചാട്ടത്തില്‍ ജയില്‍ മേധാവി റിപ്പോര്‍ട്ട് തേടി. ഗോവിന്ദച്ചാമിയെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ 9446899506 എന്ന നമ്പറില്‍ അറിയിക്കാന്‍ നിര്‍ദേശമുണ്ട്. ഒരു കൈമാത്രമാണ് ഗോവിന്ദച്ചാമിക്കുള്ളത്. സൗമ്യാ വധക്കേസില്‍ ഗോവിന്ദച്ചാമിക്ക് ആദ്യം വധശിക്ഷ വിധിച്ചിരുന്നു. പിന്നീട് ശിക്ഷ ജീവപര്യന്തമായി കുറയ്ക്കുകയായിരുന്നു.