24 August, 2025 07:34:44 PM
വിദ്യാർത്ഥിനിയെ ശല്യം ചെയ്തത് ചോദ്യം ചെയ്തു; കണ്ണൂരിൽ എസ്എഫ്‌ഐ നേതാവിന് കുത്തേറ്റു

കണ്ണൂർ: കണ്ണൂർ തോട്ടടയിൽ എസ്എഫ്‌ഐ നേതാവിന് കുത്തേറ്റു. എസ്എഫ്‌ഐ എടക്കാട് ഏരിയ സെക്രട്ടറി വൈഷ്ണവിനെയാണ് ബൈക്കിലെത്തിയ സംഘം കുത്തി പരിക്കേൽപ്പിച്ചത്. തോട്ടട എസ്എൻജി കോളേജിനു മുന്നിൽ ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. കൈയ്ക്കും കാലിനും കുത്തേറ്റ വൈഷ്ണവിനെ കണ്ണൂര്‍ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിദ്യാർത്ഥിനിയെ ശല്യം ചെയ്തതും കമന്റടിച്ചതും ചോദ്യം ചെയ്തതിന്റെ പേരിലായിരുന്നു അക്രമണം. പരിക്ക് ഗുരുതരമല്ല. അതേസമയം ആക്രമണത്തിന് പിന്നിൽ ലഹരി സംഘമാണെന്ന സൂചനയും പുറത്തുവരുന്നുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യം ഉൾപ്പടെ പരിശോധിച്ച് വരികയാണ്.