25 August, 2025 09:06:02 AM


കണ്ണൂരിൽ കവര്‍ച്ച നടന്ന വീട്ടിലെ യുവതി കര്‍ണാടകയില്‍ കൊല്ലപ്പെട്ട നിലയില്‍; സുഹൃത്ത് കസ്റ്റഡിയില്‍



കണ്ണൂര്‍: കഴിഞ്ഞ ദിവസം 30 പവന്‍ സ്വര്‍ണം മോഷണം പോയ വീട്ടിലെ മരുമകളെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കല്യാട് ചുങ്കസ്ഥാനം സ്വദേശി എ പി സുഭാഷിന്റെ ഭാര്യ ദര്‍ഷിത(22)യെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇവരുടെ കൂടെയുണ്ടായിരുന്ന സുഹൃത്ത് സിദ്ധരാജു(22)വിനെ സാലിഗ്രാം പൊലീസ് അറസ്റ്റ് ചെയ്തു. പെരിയപട്ടണം സ്വദേശിയാണ് സിദ്ധരാജു. സാലിഗ്രാമിലെ ലോഡ്ജില്‍വെച്ച് ദര്‍ഷിതയും സുഹൃത്തും തമ്മില്‍ വാക്കു തര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്ന് ഇയാള്‍ ദര്‍ഷിതയുടെ വായില്‍ ഇലക്ട്രിക് ഡിറ്റനേറ്റര്‍ തിരുകി ഷോക്കേല്‍പ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു.

വെളളിയാഴ്ച്ചയാണ് കല്യാട്ടെ വീട്ടില്‍ നിന്ന് ദര്‍ഷിത മകള്‍ അരുന്ധതിയുമൊത്ത് കര്‍ണാടകയിലെ സ്വന്തം നാടായ ഹുന്‍സുര്‍ ബിലിക്കരെയിലേക്ക് പോയത്. അന്ന് വൈകീട്ടോടെയാണ് വീട്ടില്‍ മോഷണം നടന്നത്. ഇവരുടെ ഭര്‍ത്താവ് വിദേശത്താണ്. ഭര്‍തൃമാതാവും സഹോദരനുമാണ് കണ്ണൂരിലെ വീട്ടിലുണ്ടായിരുന്നത്. ഇരുവരും ജോലിക്ക് പോയ സമയത്താണ് വീട്ടില്‍ മോഷണം നടന്നത്. വീടിന്റെ വാതില്‍ക്കല്‍ ചവിട്ടിയുടെ അടിയില്‍ സൂക്ഷിച്ചിരുന്ന താക്കോല്‍ ഉപയോഗിച്ച് വാതില്‍ തളളിത്തുറന്നാണ് കളളന്‍ വീടിനകത്ത് കയറിയത്. സംഭവത്തില്‍ ഇരിക്കൂര്‍ സി ഐ രാജേഷും സംഘവും അന്വേഷണം ആരംഭിച്ചിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K