01 September, 2025 10:17:49 PM
അതിരമ്പുഴ വില്ലേജ് ഓഫീസിലെ മോഷണം; പ്രതി അറസ്റ്റിൽ

ഏറ്റുമാനൂർ: അതിരമ്പുഴ വില്ലേജ് ഓഫീസിലെ മോഷണം പ്രതി അറസ്റ്റിൽ. 23 08 2025 വൈകിട്ട് ആറുമണിക്കും 25 08 2025 രാവിലെ 9:45 മണിക്കും ഇടയിലുള്ള സമയത്താണ് മോഷണം നടന്നത്. അതിരമ്പുഴ വില്ലേജ് ഓഫീസിന് മുൻവശം വാതിലിന്റെ പൂട്ട് പൊളിച്ച് അകത്തു കയറിയ പ്രതി ഓഫീസിലെ രണ്ടു മേശകളിൽ നിന്നായി 2650/- രൂപ മോഷണം ചെയ്തു കൊണ്ടു പോയ സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തിയ ഏറ്റുമാനൂർ പോലീസ് പേരൂർ പള്ളിക്കൂടം ഭാഗത്ത് വച്ച് പ്രതിയായ അതിരമ്പുഴ കോട്ടമുറി ഭാഗത്ത് അമൃത പറമ്പിൽ വീട്ടിൽ കുട്ടപ്പനാചാരി മകൻ രതീഷ് (45 വയസ്സ് ) നെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ അഞ്ചോളം കേസുകൾ നിലവിലുണ്ട്. കൂടാതെ കോട്ടയം ജില്ലയിൽ കോട്ടയം ഈസ്റ്റ് കോട്ടയം വെസ്റ്റ് ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ എന്നീ സ്റ്റേഷനുകളിലും കണ്ണൂർ ജില്ലയിൽ തലശ്ശേരി പോലീസ് സ്റ്റേഷൻ കോഴിക്കോട് ജില്ലയിൽ വളയം പോലീസ് സ്റ്റേഷൻ എറണാകുളം ജില്ലയിൽ മുളന്തുരുത്തി പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലും ഇയാൾക്കെതിരെ കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.