13 September, 2025 11:58:15 AM


അക്രമകാരികളായ മൃഗങ്ങളെ കൊല്ലാം; നിയമഭേദഗതി ബില്ലിന് അംഗീകാരം നല്‍കി മന്ത്രിസഭ



തിരുവനന്തപുരം: അക്രമകാരികളായ മൃഗങ്ങളെ കൊല്ലാന്‍ അനുമതി നല്‍കുന്ന ബില്ലിന് അംഗീകാരം നല്‍കി പ്രത്യേക മന്ത്രിസഭാ യോഗം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായാണ് യോഗം ചേര്‍ന്നത്. കേന്ദ്രനിയമത്തില്‍ ഭേദഗതി ലക്ഷ്യമിട്ടാണ് ബില്‍. തിങ്കളാഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കും.

ജനവാസകേന്ദ്രങ്ങളില്‍ ഇറങ്ങുന്ന അക്രമകാരികളായ മൃഗങ്ങളെ പ്രത്യേക സാഹചര്യത്തില്‍ വെടിവച്ചുകൊല്ലാന്‍ വരെ അനുമതി നല്‍കുന്ന തരത്തിലാണ് ബില്‍ തയാറാക്കിയിരിക്കുന്നത്. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് അക്രമകാരികളായ മൃഗങ്ങളെ കൊല്ലാന്‍ ഉത്തരവിടാന്‍ കഴിയും. വനനിയമത്തിലെ ഭേദഗതിക്കും മന്ത്രിസഭ അംഗീകാരം നല്‍കി. സ്വകാര്യവ്യക്തിയുടെ പുരയിടത്തിലെ ചന്ദനമരം വനംവകുപ്പിന്റെ അനുമതിയോടെ മുറിക്കുന്നതു സംബന്ധിച്ച ബില്ലും അംഗീകരിച്ചു.

കഴിഞ്ഞ ഫെബ്രുവരി വരെയുള്ള കണക്കുകള്‍ അനുസരിച്ച്, കാട്ടാനയാക്രണത്തില്‍ മാത്രം കഴിഞ്ഞ എട്ട് വര്‍ഷത്തിനുള്ളില്‍ 180 ജീവനകളാണ് സംസ്ഥാനത്ത് പൊലിഞ്ഞത്. വന്യജീവി ആക്രമണങ്ങളില്‍ നിയമം നടപ്പാക്കുന്നതില്‍ പ്രയോഗിക പ്രശ്നം ഉണ്ടെങ്കിലും മലയോര ജനതയെ ഒപ്പം നിര്‍ത്തുകയാണ സര്‍ക്കാര്‍ ബില്ലിലൂടെ ലക്ഷ്യമിടുന്നത്.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K