13 September, 2025 02:19:46 PM


വിവാഹാഭ്യര്‍ത്ഥന നിരസിച്ചു: മംഗളൂരുവില്‍ യുവതിയെ കുത്തിക്കൊന്ന് യുവാവ് ജീവനൊടുക്കി



മംഗളൂരു: മംഗളൂരുവില്‍ വിവാഹാഭ്യര്‍ത്ഥന നിരസിച്ച യുവതിയെ കുത്തിക്കൊന്ന് യുവാവ് ജീവനൊടുക്കി. ബ്രഹ്മാവർ കൊക്കർണെ പൂജാരിബെട്ടു സ്വദേശി രക്ഷിതയാണ് മരിച്ചത്. പിന്നാലെ കാർത്തിക് എന്ന യുവാവിനെ കിണറ്റിൽ മരിച്ച നിലയില്‍ കണ്ടെത്തി.

വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ജോലിക്ക് പോകുകയായിരുന്ന രക്ഷിതയെ കാർത്തിക് കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഗുരുതര പരിക്കുകളോടെ മണിപ്പാൽ കെഎംസിസി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിത മരിച്ചു. കാർത്തിക്കിനെ രാത്രി എട്ടോടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

വിവാഹാഭ്യത്ഥന നിരസിച്ചതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. രക്ഷിതയുടെ കുടുംബം ബന്ധത്തെ എതിർത്തിരുന്നുവെന്നും ഇത് ഇരുവരും തമ്മിലുള്ള സംഘർഷത്തിലേക്ക് നയിച്ചുവെന്നും പൊലീസ് അറിയിച്ചു. രക്ഷിത ജോലിക്ക് പോകവെ വഴിയിൽ തടഞ്ഞുനിർത്തി കത്തികൊണ്ട് പലതവണ കുത്തുകയായിരുന്നു. ഇതിനുസമീപത്തെ കിണറ്റിൽ തന്നെയാണ് പിന്നീട് കാർത്തിക്കിന്‍റെ മൃതദേഹം കണ്ടെത്തിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 943