14 October, 2025 12:12:00 PM
നെന്മാറ സജിത വധക്കേസിൽ ചെന്താമര കുറ്റക്കാരൻ; ശിക്ഷാവിധി 16ന്

പാലക്കാട്: നെന്മാറയിൽ സജിതയെ വെട്ടിക്കൊന്ന കേസിൽ പ്രതി ചെന്താമര കുറ്റക്കാരനെന്ന് കോടതി. ശിക്ഷാ വിധി മറ്റന്നാള്‍ പ്രഖ്യാപിക്കും. മുഖത്ത് ഭാവഭേദങ്ങളേതുമില്ലാതെയാണ് ചെന്താമര വിധികേട്ടത്. തനിക്ക് ഒന്നും പറയാനില്ലെന്നും ചെന്താമര കോടതിയിൽ പറഞ്ഞു. പാലക്കാട് ജില്ലാ അഡീഷണൽ കോടതിയാണ് വിധി പറഞ്ഞത്.
2019ലാണ് ചെന്താമര സജിതയെ കൊലപ്പെടുത്തുന്നത്. തന്റെ ഭാര്യ പിണങ്ങിപ്പോകാൻ കാരണം അയൽവാസികളായ സജിതയും പുഷ്പയുമാണെന്നായിരുന്നു ചെന്താമരയുടെ വിശ്വാസം. ഇരുവരും കൂടോത്രം നടത്തിയതാണ് ഭാര്യ തന്നിൽ നിന്ന് അകലാൻ കാരണമെന്നും ഇയാൾ വിശ്വസിച്ചിരുന്നു. ഇതിന്റെ വൈരാഗ്യത്തിലായിരുന്നു സജിതയെ ചെന്താമര കൊലപ്പെടുത്തിയത്. ഈ കേസിൽ ജാമ്യത്തിലിറങ്ങിയതിന് ശേഷം ഈ വർഷം ജനുവരിയിൽ ചെന്താമര സജിതയുടെ ഭർത്താവ് സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയിരുന്നു.