17 October, 2025 10:29:32 AM
സഹപാഠിയുടെ വീട്ടിൽ താമസിക്കാനെത്തി, 36 പവൻ സ്വർണവുമായി കടന്നു; 24കാരി പിടിയിൽ

കോഴിക്കോട്: സഹപാഠിയായ ബേപ്പൂർ സ്വദേശിനിയുടെ 36 പവൻ സ്വർണവുമായി കടന്നുകളഞ്ഞ ആന്ധ്രാ സ്വദേശിനി മുംബൈയിൽ ഫറോക്ക് പോലീസിന്റെ പിടിയിലായി. വിജയവാഡ സ്വദേശിനിയായ തോട്ടാബാനു സൗജന്യയെയാണ് (24) ഫറോക്ക് എസിപി എ എം സിദ്ദിഖിന്റെ നേതൃത്വത്തിലുള്ള സ്ക്വാഡും ബേപ്പൂർ എസ് ഐ നൗഷാദ്, എസ് ഐ പി സി സുജിത്ത് എന്നിവരടങ്ങിയ സംഘവും ചേർന്ന് സാഹസികമായി പിടികൂടിയത്. മോഷ്ടിച്ച സ്വർണം വിറ്റുകിട്ടിയ പണവുമായി പ്രതി രാജ്യംവിട്ട് ടാൻസാനിയയിലുള്ള ബന്ധുവിന്റെ അടുത്തേക്ക് പോയിരുന്നതായും പോലീസ് അറിയിച്ചു.
ബെംഗളൂരു സുരാന കോളേജിൽ ഒരേ ക്ലാസിൽ പിജി കോഴ്‌സിന് പഠിക്കുന്നവരാണ് പ്രതി സൗജന്യയും ബേപ്പൂർ സ്വദേശിനി ഗായത്രിയും. സൗഹൃദം മുതലെടുത്ത് ജൂലായ് 17ന് അവധിക്കാലത്ത് വിരുന്നുകാരിയായി ഗായത്രിയുടെ വീട്ടിലെത്തിയതായിരുന്നു സൗജന്യ. മൂന്നുദിവസത്തെ താമസത്തിനുശേഷം മടങ്ങുന്നതിനിടെ ജൂലായ് 19നാണ് ആരുമറിയാതെ ഗായത്രിയുടെ വീട്ടിൽ സൂക്ഷിച്ചിരുന്ന 36 പവൻ സ്വർണം കൈക്കലാക്കിയത്.
മോഷണത്തിനുശേഷം സൗജന്യ തനിക്ക് ഗുജറാത്തിൽ പട്ടാളത്തിൽ ജോലി ലഭിച്ചെന്നും ഇനി കോളേജിലേക്ക് വരില്ലെന്നും പറഞ്ഞ് അധികൃതരെ വിശ്വസിപ്പിച്ചു. മോഷ്ടിച്ച സ്വർണം പണയംവെച്ചും വിറ്റും കിട്ടിയ പണവുമായി ഇവർ ഉടൻതന്നെ രാജ്യംവിട്ട് ടാൻസാനിയയിലുള്ള ബന്ധുവിന്റെ അടുത്തേക്ക് കടക്കുകയായിരുന്നു.
ഏറെനാളത്തെ തിരച്ചിലിനൊടുവിൽ, കഴിഞ്ഞദിവസമാണ് സൗജന്യ ഗുജറാത്തിൽ തിരിച്ചെത്തി അനുജത്തിയുടെ കൂടെ താമസിക്കുന്നുണ്ടെന്ന വിവരം പോലീസിന് ലഭിച്ചത്. എന്നാൽ, പോലീസ് എത്തുമെന്നറിഞ്ഞതോടെ പ്രതി ഗുജറാത്തിൽനിന്ന് വിമാനമാർഗം മുംബൈയിലേക്ക് കടന്നു. തുടർന്ന്, മൂന്നുസംഘങ്ങളായി തിരിഞ്ഞ് ഗുജറാത്ത്, അഹമ്മദാബാദ്, മുംബൈ എന്നിവിടങ്ങളിൽ നിലയുറപ്പിച്ച ഫറോക്ക് സ്ക്വാഡും ബേപ്പൂർ പോലീസും ചേർന്ന് മുംബൈയിൽനിന്ന് ഹൈദരാബാദിലേക്ക് പോകാൻ തയാറെടുക്കുന്നതിനിടെയാണ് സൗജന്യയെ പിടികൂടിയത്. പ്രതിയെ ഉടൻ കേരളത്തിലെത്തിക്കുമെന്ന് പോലീസ് അറിയിച്ചു. മോഷ്ടിച്ച സ്വർണത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ സൗജന്യയെ വിശദമായി ചോദ്യംചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു.