29 October, 2025 09:40:29 AM


ഗസ്സയിൽ ഇസ്രയേലിന്റെ കനത്ത ആക്രമണം: 18 പേര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്



ടെല്‍ അവീവ്: സമാധാനക്കരാര്‍ ലംഘിച്ച് ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടു. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഉത്തരവിന് ആഹ്വാനത്തിന് പിന്നാലെയാണ് വീണ്ടും ആക്രമണം. ഒക്ടോബര്‍ പത്തിന് നിലവില്‍ വന്ന വെടിനിര്‍ത്തല്‍ കരാര്‍ ഹമാസ് ലംഘിച്ചെന്നാരോപിച്ചായിരുന്നു ഇസ്രയേല്‍ ആക്രമണം.

ഹമാസ് തിരികെ കൊണ്ടുവന്ന ശരീരഭാഗങ്ങള്‍ ഏകദേശം രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പത്തെ ബന്ദിയുടെ മൃതദേഹത്തിന്റെ അവശിഷ്ടങ്ങളാണെന്നും നെതന്യാഹു ആരോപിച്ചിരുന്നു. യുഎസിന്റെ മധ്യസ്ഥതയില്‍ ഉണ്ടാക്കിയ വെടിനിര്‍ത്തല്‍ കരാറിന്റെ ലംഘനമെന്നാണ് സംഭവത്തില്‍ നെതന്യാഹുവിന്റെ വിശദീകരണം.

ഇസ്രയേല്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്ന് ഹമാസിന്റെ സായുധ വിഭാഗമായ ഖസ്സാം ബ്രിഗേഡ്സ് ആരോപിച്ചു. ആക്രമണ പശ്ചാത്തലത്തില്‍ ഗാസയിലെ ടണലില്‍ നിന്ന് കിട്ടിയ ബന്ദിയുടെ മൃതദേഹം കൈമാറുന്നത് ഹമാസ് മാറ്റിവെച്ചിട്ടുണ്ട്. ഇരുപക്ഷവും അതിര്‍ത്തി ലംഘിച്ചുവെന്നതടക്കമുള്ള ആരോപണങ്ങളും ഉന്നയിക്കുന്നുണ്ട്.

അതേസമയം, വെടിനിര്‍ത്തല്‍ കരാര്‍ തുടരുമെന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് വ്യക്തമാക്കി. ഒക്ടോബര്‍ 10-നാണ് അമേരിക്കയുടെയും ഖത്തറിന്റെയും മധ്യസ്ഥതയില്‍ ഇസ്രയേലും ഹമാസും വെടിനിര്‍ത്തലിന് ധാരണയായത്. ഇതിനു പിന്നാലെയും വെടിനിര്‍ത്തല്‍ക്കരാര്‍ ലംഘിച്ച് ആക്രമണങ്ങള്‍ ഉണ്ടായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 924