17 November, 2025 03:16:31 PM
ബംഗ്ലാദേശ് കലാപം; മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ

ധാക്ക: ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ. 2024-ല്‍ രാജ്യത്ത് നടന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം അടിച്ചമര്‍ത്തിയ കേസിലാണ് ഇവര്‍ക്ക് ഇന്റര്‍നാഷനല്‍ ക്രൈംസ് ട്രൈബ്യൂണല്‍ ഓഫ് ബംഗ്ലദേശ് വധശിക്ഷ വിധിച്ചത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് മൂന്നിനാണ് ഷെയ്ഖ് ഹസീനയെ വിചാരണ ചെയ്യാന്‍ പ്രത്യേക ട്രൈബ്യൂണല്‍ അനുമതി നല്‍കിയത്.
അധികാരം ഉപയോഗിച്ച് മാനവികതയ്ക്കുമെല്‍ ഹസീന ആക്രമണം നടത്തിയതായി കോടതി വിലയിരുത്തി. വിദ്യാര്‍ത്ഥികള്‍ക്കു നേരെ ഉണ്ടായ വെടിവെയ്പ്പിനെക്കുറിച്ച് ഇവര്‍ക്ക് അറിവുണ്ടായിരുന്നുവെന്നും കോടതി വിലയിരുത്തി.
പ്രതിഷേക്കാര്‍ക്ക് നേരെ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് ആക്രമണം നടത്താന്‍ ഷെയ്ഖ് ഹസീന നിര്‍ദേശിച്ചു. പൊലീസ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ട അബു സയ്യിദ് എന്ന വിദ്യാര്‍ഥിയുടെ മൃതദേഹ പരിശോധനാ റിപ്പോര്‍ട്ട് ഡോക്ടര്‍മാരെ ഭീഷണിപ്പെടുത്തി തിരുത്തിയതിന് തെളിവുണ്ടെന്നും കോടതി പറഞ്ഞു.
മുന്‍ ആഭ്യന്തരമന്ത്രി അസദുസ്മാന്‍ ഖാന്‍ കമല്‍, പൊലീസ് ഐജി ചൗധരി അബ്ദുല്ല അല്‍ മാമുന്‍ എന്നിവരും കേസുകളില്‍ പ്രതികളാണ്. രാഷ്ട്രീയ അഭയം തേടിയ ഹസീന നിലവില്‍ ഇന്ത്യയിലാണുള്ളത്. പദവികള്‍ രാജിവെച്ച് ഇക്കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു ഷെയ്ഖ് ഹസീന രാജ്യം വിട്ട് ഇന്ത്യയിലേക്ക് കടന്നത്.





