26 November, 2025 05:15:24 PM
ഹോങ്കോങ്ങിൽ ബഹുനില കെട്ടിടത്തിന് തീപിടിച്ച് അപകടം; നാല് പേർ മരിച്ചു

ഹോങ്കോങ്ങ്: ഹോങ്കോങ്ങിലെ കെട്ടിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തില്‍ നാല് പേര്‍ മരിച്ചു. തായ് പോ ജില്ലയിലെ ഹൗസിംഗ് കോംപ്ലക്‌സിലാണ് തീപിടിത്തമുണ്ടായത്. നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കെട്ടിടം പണിക്കായി സ്ഥാപിച്ചിട്ടുള്ള മുളകൊണ്ട് നിര്‍മിച്ച താല്‍ക്കാലിക തട്ടില്‍ നിന്നാണ് തീ വ്യാപിച്ചതെന്നാണ് കരുതുന്നത്.
പ്രാദേശിക സമയം ഉച്ചയ്ക്ക് 2.51 നാണ് തീപിടിത്തം സംബന്ധിച്ച് അഗ്നശമന സേനയ്ക്ക് വിവരം ലഭിച്ചതെന്ന് ഹോങ്കോങ്ങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. തായിപോയിലെ വാങ് ഫുക് കോര്‍ട്ടിലാണ് തീ പൊട്ടിപുറപ്പെട്ടത്. എട്ട് ബ്ലോക്കുകളിലായി 2000ത്തോളം ഫ്‌ളാറ്റുകളുള്ള താമസ സമുച്ചയമാണ് വാങ്ക ഫുക്.
ഏഴോളം പേരെ ആശുപത്രികളിലേക്ക് കൊണ്ടു പോയതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. തീ അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ റോയ്‌ട്ടേഴ്‌സിലെ റിപ്പോര്‍ട്ടര്‍മാര്‍ക്കും അഗ്നിശമന സേനാംഗങ്ങള്‍ക്കും പരിക്കേറ്റിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.





