01 March, 2026 07:24:23 PM
യുഎസ് കോൺസുലേറ്റിന് നേരെ ആക്രമണം; വെടിയുതിർത്ത് സുരക്ഷാസേന; 9 മരണം

കറാച്ചി: പാകിസ്താനിലെ കറാച്ചിയിൽ അമേരിക്കൻ കോൺസുലേറ്റിന് നേരെ ആക്രമണം. ടെഹ്‌റാനിലുണ്ടായ ഇസ്രയേൽ-അമേരിക്കൻ സംയുക്ത ആക്രമണത്തിൽ ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖമനയി കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് നടത്തിയ പ്രകടനമാണ് സംഘർഷത്തിൽ കലാശിച്ചതെന്ന് പാകിസ്താൻ മാധ്യമമായ ഡോൺ റിപ്പോർട്ട് ചെയ്തു. പ്രതിഷേധക്കാർക്ക് നേരെ കോൺസുലേറ്റിലെ യുഎസ് സുരക്ഷാ സേന വെടിയുതിർത്തതായും 9 പേർ മരിച്ചതായും റിപ്പോർട്ടുകളുണ്ട്. മുപ്പതിലേറെ പേര്‍ക്ക് പരിക്കേറ്റുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഖമനയിയുടെ ചിത്രമടക്കം ഉയർത്തിപ്പിടിച്ചെത്തിയ പ്രതിഷേധക്കാർ യുഎസ് കോൺസുലേറ്റ് വളപ്പിലേക്ക് ഇരച്ചെത്തി ജനൽ ചില്ലുകളടക്കം അടിച്ചു തകർത്തു. ശേഷം കെട്ടിടത്തിന് തീയിട്ടു. പ്രതിഷേധക്കാർക്ക് നേരെ സുരക്ഷാ സേന ടിയർ ഗ്യാസ് പ്രയോഗിക്കുകയും ലാത്തി വീശുകയും ചെയ്തു. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായും ഇവരെ പ്രദേശത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും റിപ്പോർട്ടിൽ പറയുന്നു.





