09 November, 2025 07:02:20 PM
ആറുമാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തി; അമ്മയും ലെസ്ബിയന്‍ പങ്കാളിയും അറസ്റ്റില്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ ആറുമാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മയും ലെസ്ബിയന്‍ പങ്കാളിയും അറസ്റ്റില്‍. കുഞ്ഞിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പിതാവ് ആരോപിച്ച് ദിവസങ്ങള്‍ക്കുളളിലാണ് മരണം കൊലപാതകമാണെന്ന് തെളിഞ്ഞതും അമ്മയും ലെസ്ബിയന്‍ പങ്കാളിയും അറസ്റ്റിലായതും. തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയിലാണ് സംഭവം.
മുലയൂട്ടുന്നതിനിടെ പാല്‍ തൊണ്ടയില്‍ കുടുങ്ങിയാണ് കുഞ്ഞ് മരിച്ചതെന്നായിരുന്നു പ്രാഥമിക നിഗമനം. അന്ന് അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിരുന്നു. പക്ഷെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയില്ല. കുഞ്ഞിന്റെ മൃതദേഹം കുടുംബത്തിന്റെ കൃഷി ഭൂമിയില്‍ സംസ്‌കരിക്കുകയും ചെയ്തു. എന്നാല്‍ ദിവസങ്ങള്‍ക്കുശേഷം കുഞ്ഞിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന സംശയവുമായി പിതാവ് അധികൃതരെ സമീപിക്കുകയായിരുന്നു.
കുഞ്ഞിന്റെ അമ്മയും മറ്റൊരു സ്ത്രീയും തമ്മിലുളള സ്വകാര്യ ചിത്രങ്ങളും ചാറ്റുകളുമുള്‍പ്പെടെ കണ്ടതോടെയാണ് പിതാവിന് കുഞ്ഞിന്റെ മരണത്തില്‍ സംശയമുണ്ടായത്. തുടര്‍ന്ന് കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തി. കുഞ്ഞിന്റെ അമ്മ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഭര്‍ത്താവ് തന്നെ ശ്രദ്ധിക്കുന്നില്ലെന്നും അദ്ദേഹത്തിന്റെ കുഞ്ഞിനെ തനിക്ക് ആവശ്യമില്ലെന്നും യുവതി ചോദ്യംചെയ്യലിനിടെ പൊലീസിനോട് പറഞ്ഞു.






